ഇടുക്കി: സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുമ്പോള്‍ കരുതലോടെ മൂന്നാറിലെ യുവജന സംഘടനകളും ജാഗ്രതയിലാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ മൂന്നാറിലെ ആരോഗ്യ പ്രവര്‍ത്തകര്‍ താമസിക്കുന്ന ദേവികുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ ഭാഗമായ ക്വാര്‍ട്ടേഴ്‌സുകളില്‍ ശുദ്ധജല സംവിധാനമൊരുക്കിയാണ് ഇവര്‍ കരുതലായത്. യുവജന ക്ഷേമബോര്‍ഡിന് കീഴിലുള്ള വോളൻ്റിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്‌സും ദേവികുളത്തെ യുവജനങ്ങളുമാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചത്.
മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ദേവികുളത്തെ ക്വാര്‍ട്ടേഴ്‌സുകളിലാണ് കഴിഞ്ഞ് വന്നിരുന്നത്. എന്നാല്‍ വെള്ളത്തിൻ്റെ ലഭ്യതകുറവ് ഇവര്‍ക്ക് സമയത്ത് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുവാന്‍ തടസം സൃഷ്‌ടിച്ചു. ഈ സാഹചര്യത്തിലാണ് യുവജന ക്ഷേമബോര്‍ഡിന് കീഴിലുള്ള വോളൻ്റിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്‌സും ദേവികുളത്തെ യുവജനങ്ങളും ചേര്‍ന്ന് ക്വാര്‍ട്ടേഴ്‌സിന് സമീപത്തായി കാടുപിടിച്ച് കിടന്നിരുന്ന കിണര്‍ ശുചീകരിച്ച് ശുദ്ധജലം ലഭ്യമാക്കിയത്.
ശുദ്ധജലമെത്തിച്ചതിനൊപ്പം ദേവികുളത്തെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ദേവികുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്രെ ഭാഗമായ കെട്ടിടവും ശുചീകരിച്ചു. ആവശ്യമായി വന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ കെട്ടിടം ഐസൊലേഷന്‍ വാര്‍ഡായി ഉപയോഗപ്പെടുത്താവുന്നതാണ്.