ഇടുക്കി: ഗാനമേള നടക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷം തടയാന്‍ എത്തിയ പൊലീസ് സംഘത്തിന് നേരെ അതിക്രമം. ഇടുക്കി വലിയ തോവാളയിൽ നടന്ന ഗാനമേളയ്‌ക്കിടെയാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ബിപിന് പരിക്കേറ്റു.
കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം നടന്നത്. അക്രമം നടത്തിയ എട്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളെ പിടികൂടാന്‍ കട്ടപ്പന ഡിവൈഎസ്‌പി നിര്‍ദേശം നല്‍കി.
ഗാനമേള കാണാന്‍ എത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇവരെ പിരിച്ചു വിടാന്‍ ശ്രമിയ്ക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെയാണ് ബിപിന് പരിക്കേറ്റത്.
അക്രമികള്‍ ഉദ്യോഗസ്ഥന്‍റെ യൂണിഫോം വലിച്ചുകീറുകയും നെയിം പ്ലേറ്റും വാച്ചും തകർക്കുകയും ചെയ്‌തു. പരിക്കേറ്റ ബിപിൻ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷം നടക്കുന്നതറിഞ്ഞ് എത്തിയ നെടുങ്കണ്ടം സിഐ ബിഎസ് ബിനുവിനെ തടഞ്ഞ അക്രമികൾ അദ്ദേഹത്തെ വാഹനത്തില്‍ നിന്ന് ഇറങ്ങാൻ സമ്മതിച്ചില്ല.
പൊലീസ് വാഹനം തീയിടാൻ ചിലര്‍ ആക്രോശിച്ചതോടെ ലാത്തി വീശി പൊലീസ് ഇവരെ ഓടിക്കുകയായിരുന്നു. ആക്രമണം നടത്തിയവരിൽ എട്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.