ഇടുക്കി: ലോക്ക്ഡൗൺ പരിശോധനക്കിടെ തലക്കടിയേറ്റ് ചികിത്സയിൽ കഴിയുന്ന മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അജീഷ് പോളിന്‍റെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം. ഈ മാസം ഒന്നിനാണ് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മറയൂരിൽ നടന്ന പരിശോധനക്കിടെ കല്ലുകൊണ്ടുള്ള അടിയേറ്റ് അജീഷ് പോളിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനം.
കോവിൽക്കടവ് സ്വദേശി സുലൈമാൻ ആണ് അജീഷിന്‍റെ തലക്ക് കല്ല് കൊണ്ട് അടിച്ചത്. സുലൈമാൻ ഇപ്പോൾ പീരുമേട് സബ് ജയിലിൽ റിമാൻഡിലാണ്. പരിക്കേറ്റ അജീഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അജീഷ് അപകടനില തരണം ചെയ്തെങ്കിലും ഐ.സി.യുവിൽ തുടരുകയാണ്. ആശുപത്രി വിട്ടാലും ദീർഘകാലം ചികിത്സ തുടരേണ്ടി വരുമെന്നതിനാൽ സർക്കാർ സഹായിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
ALSO READ: പോരാട്ടവും ഇല്ല വിട്ടുവീഴ്ചയുമില്ല; കര്‍ണാടകയ്ക്ക് മറുപടിയുമായി കെ.എസ്.ആര്‍.ടി.സി
ചികിത്സക്കായി മൂന്ന് ലക്ഷം രൂപ പൊലീസ് വെൽഫെയർ ഫണ്ടിൽ നിന്നും അനുവദിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുള്ളതിനാൽ തുടർ ചികിത്സയും പരിശോധനകളും അനിവാര്യമാണ്. അതിന് സർക്കാർ സഹായം വേണം. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കുടുംബത്തിന് ചികിത്സ സൗജന്യമാക്കണമെന്നാണ് ആവശ്യം.