ഇടുക്കി: ഹൈറേഞ്ച് ടൂറിസത്തിന് മുതല്‍ക്കൂട്ടാകാന്‍ ഒരുങ്ങുകയാണ് ചുനയംമാക്കല്‍ വെള്ളച്ചാട്ടം. നിരവധി സഞ്ചാരികളെത്തുന്ന ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിന്‍റെ സമഗ്ര വികസനത്തിനായുള്ള നടപടി പഞ്ചായത്ത് ആരംഭിച്ചു. തദ്ദേശീയരായ നിരവധിപേര്‍ ശ്രീനാരായണപുരത്തെ മുതിരപ്പുഴയാറില്‍ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ എത്തിയതോടെയാണ് ഇവിടത്തെ ടൂറിസം സാധ്യത പഞ്ചായത്ത് തിരിച്ചറിഞ്ഞത്. ഇതോടെ ഇവിടേക്കുള്ള റോഡ് നന്നാക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിനായി എട്ടു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി സുരക്ഷാ വേലികളും സഞ്ചാരികളെ നിയന്ത്രിക്കുന്നതിന് ആളെയും നിയമിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പ്രദേശവാസി സൗജന്യമായി വിട്ടു നല്‍കിയ സ്ഥലത്താണ് കമ്മ്യൂണിറ്റി ടോയ്‌ലറ്റ് അടക്കമുള്ളവ നിര്‍മിച്ചിരിക്കുന്നത്.