ഇടുക്കി: ക്രിസ്‌മസ് മധുരവുമായി കേക്കുകൾ വിപണി കീഴടക്കി തുടങ്ങിയിരിക്കുന്നു. രുചിയിൽ മാത്രമല്ല നിറത്തിലും വലുപ്പത്തിലും ആകൃതിയിലും നിറയെ വൈവിധ്യം നിറച്ച അമ്പത് ഇന കേക്കുകളാണ് ഹൈറേഞ്ച് കേക്ക് വിപണിയിലെ ഇത്തവണത്തെ പ്രധാന ആകര്‍ഷണം. കേക്കിൽ സർവകാല പ്രതാപിയായ പ്ലം കേക്ക്, വാനില, ക്യാരറ്റ്, പൈനാപ്പിള്‍, ബ്ലാക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് എന്നിങ്ങനെ നീളുന്നു കേക്കുകളിലെ വ്യത്യസ്‌ത രുചികൾ.
കിലോഗ്രാമിന് 100 മുതല്‍ 900 രൂപ വരെയാണ് വില. ബ്രാൻഡഡ് കമ്പനികളുടെയും ചെറുകിട യൂണിറ്റുകളുടെയും കേക്കുകള്‍ വിപണയിലുണ്ട്. മുന്‍വര്‍ഷങ്ങളിലെ ക്രിസ്‌മസ് പ്രളയം കവര്‍ന്നെടുത്തിരുന്നു. ഇത്തവണ കൊവിഡ് പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രിസ്‌മസ് വിപണിയില്‍ തിരക്കേറുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രതിസന്ധികളെ അതിജീവിക്കാമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ക്രിസ്‌മസ് കഴിഞ്ഞാലും പുതുവത്സരാഘോഷം വരെ കേക്ക് വിപണി ഉഷാറായി നിൽക്കുമെന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.