ഇടുക്കി: കുടിയിറക്ക് ഭീഷണിയിൽ ചിന്നക്കനാൽ സിങ് കണ്ടം മേഖലയിലെ കര്‍ഷകര്‍. കുടിയിറങ്ങാൻ ജില്ലാ ഭരണകൂടം നോട്ടീസ് നൽകിയതോടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കർഷക കുടുംബങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. 1943ൽ കോട്ടയത്ത് നിന്നും ഇടുക്കിയിലേക്ക് കുടിയേറിയവരാണ് ഇവിടത്തെ കര്‍ഷകര്‍. ഭക്ഷ്യക്ഷാമം അതിരൂക്ഷമായിരുന്ന കാലത്ത് കേരളത്തിന്‍റെ പട്ടിണി അകറ്റാൻ ഇടുക്കിയിലെ മലയോടും മഞ്ഞിനോടും വന്യമൃഗങ്ങളോടും പടവെട്ടി കപ്പയും, കാച്ചിലും, ചേനയും, ചേമ്പും വിളയിച്ച കർഷകരുടെ പിന്മുറക്കാരാണിവര്‍. ഇവരാണ് ഇന്ന് കുടിയിറക്ക് ഭീഷണി നേരിടുന്നത്.
ചിന്നക്കനാൽ സിങ് കണ്ടം മേഖലയിൽ കുടിയേറിയ നാൽപ്പതോളം കർഷക കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ. ഇതിൽ പന്ത്രണ്ട് കുടുംബങ്ങൾക്ക് കുടിയിറങ്ങാനുള്ള നോട്ടീസ് ജില്ല ഭരണകൂടം ഇതിനകം നൽകിക്കഴിഞ്ഞു. ആദിവാസി പുനരധിവാസ പദ്ധതിക്കായി അളന്ന് തിരിച്ച ഭൂമിയിലാണ് കര്‍ഷകര്‍ കഴിയുന്നത് എന്നാണ് ജില്ല ഭരണകൂടം പറയുന്നത്. കുടിയേറ്റ കാലഘട്ടത്തിനു ശേഷം കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി പട്ടയത്തിനായി നിരവധി സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. പ്രദേശത്തെ നാലു കുടുംബങ്ങൾക്ക് മാത്രമാണ് പട്ടയം ലഭിച്ചത്. ബാക്കിയുള്ള കുടിയേറ്റ കർഷകർ ഇന്ന് കൈയേറ്റക്കാരായി.
നാല് തലമുറ പിന്നിടുമ്പോൾ സർക്കാർ തങ്ങളെ തെരുവിലേക്ക് ഇറക്കിയാൽ പ്രായമായ മാതാപിതാക്കളും, സ്ത്രീകളും, കുട്ടികളുമായി തങ്ങൾ എങ്ങോട്ട് പോകുമെന്നാണ് സിങ് കണ്ടം നിവാസികൾ ചോദിക്കുന്നത്. കുടിയേറ്റ കർഷകർക്ക് ആരാധനാലയങ്ങൾ നിർമ്മിക്കാൻ അനുമതി നൽകുകയും വഴിയും വൈദ്യുതിയും പോസ്റ്റ് ഓഫിസും ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ സര്‍ക്കാര്‍ നല്‍കിയിരുന്നു. കുടിയൊഴിക്കല്‍ ഭീഷണി നേരിടുമ്പോള്‍ ജനിച്ചു വളർന്ന മണ്ണ് വിട്ട് പോകുവാൻ ഇവർ തയാറല്ല. വന്‍കിട കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും ചിന്നക്കനാൽ മേഖലയിൽ തകൃതിയായി നടക്കുമ്പോഴും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത ഭരണസംവിധാനമാണ് മണ്ണില്‍ പൊന്നുവിളയിക്കുന്ന ഈ കര്‍ഷക കുടുംബങ്ങളെ തെരുവിലേയ്ക്കിറക്കാന്‍ തിടുക്കം കാട്ടുന്നത്.