ഇടുക്കി: ചിന്നക്കനാല്‍ ആദിവാസി പുനരധിവാസ പദ്ധതിയിലെ കോടികളുടെ അഴിമതിക്കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇതിനായി നിയമ പോരാട്ടം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ കെ എസ് പറഞ്ഞു. 2003 ലാണ് ചിന്നനാല്‍ എണ്‍പതേക്കര്‍, പന്തടിക്കളം, സിങ്കുകണ്ടം മുന്നൂറ്റിയൊന്ന് കോളനി, സൂര്യനെല്ലി വിലക്ക് എന്നിവടങ്ങളില്‍ അഞ്ഞൂറ്റി ആറ് കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം സ്ഥലവും വീടും നല്‍കി കുടിയിരുത്തിയത്. ഇതിന് ശേഷം അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്തിനാല്‍ ആദിവാസികള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് പലായനം ചെയ്യുകയായിരുന്നു. എന്നാല്‍ ആളില്ലാത്ത കോളനികളില്‍ കോടികളുടെ വികസന പദ്ധതികൾ നടപ്പിലാക്കിയിരിക്കുന്നതായാണ് പറയപ്പെടുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
കുടിവെള്ളത്തിനും വീടുകള്‍ക്കും സോളാര്‍ വേലി സ്ഥാപിക്കുന്നതിനടക്കം കോടികള്‍ വിനിയോഗിച്ചിരിക്കുന്നതായി വിവരാവകാശ രേഖയില്‍ പറയുന്നു. ഇതിനെതിരെ ആദിവാസി നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ജോയിന്‍റ് ഡയറക്‌ടര്‍ നേരിട്ടെത്തി അന്വേഷണം നടത്തി മടങ്ങിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അരുണ്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ നിയമ പോരാട്ടം നടത്തുമെന്നും അരുണ്‍ കെ എസ് വ്യക്തമാക്കി.