ഇടുക്കി : ചിന്നക്കനാല്‍ ആദിവാസി പുനരധിവാസ പദ്ധതിയിലെ കോടികളുടെ അഴിമതി അധികൃതര്‍ മൂടിവയ്ക്കുന്നതായി പരാതി. 2018ൽ ജോയിന്‍റ് ഡയറക്‌ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും തുടര്‍ നടപടികളില്ല.
2003ൽ ആണ് പ്ലോട്ടുകള്‍ തിരിച്ച് 506 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം സ്ഥലവും വീടും നല്‍കി ചിന്നക്കനാലില്‍ പുനരധിവാസ പദ്ധതി നടപ്പിലാക്കിയത്. കുടിവെള്ളവും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും വന്യ മൃഗങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുന്നതിന് സോളാര്‍ വേലികളടക്കം സ്ഥാപിക്കുമെന്ന് ഉറപ്പ് പറഞ്ഞിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ല.
അടിസ്ഥാന സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും ഇല്ലാത്തിനാല്‍ സ്ഥലം ലഭിച്ച ആദിവാസികള്‍ വീടുകളും സ്ഥലവും ഉപേക്ഷിച്ച് ഇവിടെ നിന്നും പലായനം ചെയ്‌തു. എന്നാല്‍ ആളില്ലാതെ പാതി വഴിയില്‍ നിര്‍മാണം നിലച്ച വീടുകളടക്കം നിര്‍മാണം പൂര്‍ത്തിയാക്കിയതായി കാണിച്ച് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങളാണ് തട്ടിയെടുത്ത്.
Also Read: ഇടതുഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്ന് കെ.സുരേന്ദ്രൻ
വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ പട്ടിക വര്‍ഗ ഏകോപന സമിതി നല്‍കിയ പരാതിയെ തുടര്‍ന്ന് പട്ടിക വര്‍ഗ വികസന വകുപ്പ് ജോയിന്‍റ് ഡയറക്‌ടർ നേരിട്ടെത്തി അന്വേഷണം നടത്തുകയും അഴിമതി ബോധ്യപ്പെടുകയും പിന്നീട് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ട്രൈബല്‍ മിഷന്‍ ചീഫ് ഇടുക്കി ജില്ല കലക്‌ടറെ ചുമതലപ്പെടുത്തി. എന്നാല്‍ രണ്ട് വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല.
പ്രമോട്ടര്‍മാര്‍ മുതല്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വരെ കോടികളുടെ അഴിമതിയില്‍ പങ്കുണ്ടെന്നാണ് ആരോപണം. ഉദ്യോഗസ്ഥ സ്വാധീനവും രാഷ്ട്രീയ ഇടപെടലുമാണ് അന്വേഷണം ഫയലില്‍ ഒതുങ്ങാന്‍ കാരണമെന്ന് ആദിവാസി നേതാക്കൾ ആരോപിക്കുന്നു.