ഇടുക്കി: മലങ്കരയിലെ ചിൽഡ്രൻസ് പാർക്ക് കുട്ടികൾക്ക് ആവേശമാകുന്നു. കൊവിഡ് കാലത്ത് കുട്ടികളുടെ ഏകാന്തത ഒഴിവാക്കാൻ മലങ്കരയിലെ പാര്‍ക്കില്‍ നിരവധി വിനോദ ഉപകരണങ്ങളാണുള്ളത്. കുട്ടികൾക്കൊപ്പം മുതിർന്നവരെയും ആകർഷിക്കുന്നതാണ് മലങ്കരയിലെ ടൂറിസം പദ്ധതികൾ. 25 രൂപയാണ് മുതിർന്നവർക്കുള്ള പാസ്. പത്ത് വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
പാസ് എടുത്ത് അകത്ത് പ്രവേശിക്കുന്നവർക്ക് മലങ്കര ഡാമിൽ ഉൾപ്പെടെ സന്ദർശനം അനുവദിച്ചിട്ടുണ്ട്. കൊവിഡ് മൂലം സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ഏകാന്തത അനുഭവിക്കുന്ന കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് ഇത്തരം പാർക്കുകൾ ഉപകാരപ്രദമാണെന്ന് സന്ദർശകർ പറയുന്നു. മലങ്കര അണക്കെട്ടിൽ നിന്ന് ബോട്ട് സവാരിയും സൈക്കിൾ സവാരിയും ഉൾപ്പെടെയുള്ള തുടർ പദ്ധതികൾ ഉടൻ പ്രവർത്തികമാക്കണമെന്നാണ് സന്ദർശകരുടെ ആവശ്യം.