ഇടുക്കി: ഇടുക്കിയിൽ പതിനാല് വയസുകാരി പ്രസവിച്ച സംഭവത്തിൽ ചൈൽഡ് ലൈൻ മൊഴിയെടുത്ത് റിപ്പോർട്ട് സമർപ്പിച്ചു. തൊടുപുഴ ചൈൽഡ് വെൽഫെയർ കമ്മറ്റിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാജാക്കാട് പൊലീസിനും റിപ്പോർട്ട് കൈമാറി. കഴിഞ്ഞ മാസം 29ാം തിയതിയാണ് പതിനാലുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്.
ബന്ധുവിനെതിരെ മൊഴി
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയെ സമീപിക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തൊടുപുഴ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് സമർപ്പിക്കുകയും ചെയ്‌തു. ബൈസൺവാലി സ്വദേശിയായ ബന്ധുവിനെതിരെയാണ് പെൺകുട്ടി മൊഴി നൽകിയത്.
പെൺകുട്ടിയുടെ അച്ഛൻ മരിച്ചതിന് ശേഷം അമ്മ കോട്ടയത്ത് വീട്ടുജോലിക്ക് പോയതോടെ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ ബൈസൺവാലിയിലെ ബന്ധുവീട്ടിൽ ആക്കുകയായിരുന്നു. 2020 മുതൽ പെൺകുട്ടി ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ബന്ധു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
ഡിഎന്‍എ ടെസ്റ്റിനുള്ള നടപടികള്‍ ആരംഭിച്ചു
കഴിഞ്ഞ മാസം 28ാം തീയതി വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 29ാം തീയതി ആൺകുട്ടിക്ക് ജന്മം നൽകുകയുമായിരുന്നു. ബന്ധുവിനെതിരെ പോക്സോ നിയമപ്രകാരം രാജാക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് ഡിഎൻഎ ടെസ്റ്റിനുള്ള നടപടികൾ ആരംഭിച്ചു.
അമ്മയുടേയും കുഞ്ഞിൻ്റേയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പെൺകുട്ടി ആവശ്യപ്പെടുന്നതനുസരിച്ച് ജില്ല ശിശു സംരക്ഷണ സമതിയും ചൈൽഡ് വെൽഫെയർ കമ്മറ്റിയും ഇരുവരുടേയും സംരക്ഷണം ഏറ്റെടുക്കും.
Read more: ഇടുക്കിയില്‍ ബന്ധു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 14 കാരി പ്രസവിച്ചു