ഇടുക്കി: ഇടുക്കിയിലെ ഏലത്തോട്ടങ്ങളില്‍ ബാലവേലയ്ക്ക് കുട്ടികളെ എത്തിയ്ക്കുന്നതായി ആരോപണം. ജില്ല ഭരണകൂടവും ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നും വാഹനങ്ങളില്‍ എത്തുന്ന തൊഴിലാളികള്‍ക്കൊപ്പമാണ് കുട്ടികളേയും ഏലത്തോട്ടങ്ങളില്‍ എത്തിയ്ക്കുന്നത്. ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലാണ് വ്യാപകമായി ബാലവേല നടക്കുന്നതായി കണ്ടെത്തല്‍.
ഏലത്തോട്ടങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് ദിവസേന തമിഴ്‌നാട്ടില്‍ നിന്നെത്തി ജോലി ചെയ്‌ത് മടങ്ങുന്നുത്. ഇവര്‍ക്കൊപ്പം കുട്ടികളും എത്തുന്നതായാണ് കണ്ടെത്തല്‍. 12നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ തോട്ടങ്ങളില്‍ പണിയെടുപ്പിയ്ക്കുന്നതായാണ് ജില്ല ഭരണകൂടത്തിന് വിവരം ലഭിച്ചിരിക്കുന്നത്.
സംഭവത്തില്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിംഗും ജില്ല പഞ്ചായത്തും നടപടികള്‍ ആരംഭിച്ചു. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി ചെക്‌പോസ്റ്റുകളില്‍ പ്രത്യേക പരിശോധന നടത്താനാണ് തീരുമാനം. തോട്ടം മേഖലകളിലേയ്ക്ക് ആരാണ് കുട്ടികളെ എത്തിയ്ക്കുന്നതെന്നും ഏതൊക്കെ തോട്ടങ്ങളില്‍ ബാലവേല നടക്കുന്നു എന്നത് സംബന്ധിച്ചും പരിശോധനകള്‍ നടത്തും. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിയ്ക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
Also read: ചിന്നക്കനാലില്‍ കുടിവെള്ളമില്ലാതെ ആദിവാസി കുടുംബങ്ങൾ