കുട്ടിയുടെ മരണം കൊലപാതകം ആണ്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന അളകർ രാജയാണ് കൊലപ്പെടുത്തിയത്. ഇയാൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്നും ഇവർ ആരോപിച്ചു. ബാലാവകാശ കമ്മീഷൻ പോലും പ്രഹസന നടപടിയാണ് സ്വീകരിച്ചത്. സംഭവസ്ഥലത്തെത്തിയ കമ്മീഷൻ ഇവരുടെ വീട്ടിലേക്ക് എത്താൻ പോലും ആദ്യം തയ്യാറായില്ലെന്നും കൊച്ചുത്രേസ്യ പറഞ്ഞു.
മരണത്തിൽ അസ്വാഭാവികതയില്ലെന്നും കുട്ടി ഷാൾ ഉപയോഗിച്ച് ഊഞ്ഞാൽ കെട്ടി കളിക്കുമ്പോൾ മരണം സംഭവിച്ചതാകാം എന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിഗമനം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞതോടെ സംഭവുമായി ബന്ധപ്പെട്ട് അയൽവാസിയായ അളകർ രാജയെ അറസ്റ്റ് ചെയ്തു. മരിച്ച പെൺകുട്ടി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തി കേസെടുത്തു. എന്നാൽ പെൺകുട്ടിയുടെ മരണത്തിൽ ഇയാൾക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതിക്ക് രാഷ്ട്രീയസ്വാധീനം ഉള്ളതിനാൽ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുമുമ്പ് പ്രതിക്ക് ജാമ്യം ലഭിച്ചു എന്ന് ആരോപിച്ച് നാട്ടുകാർ കജനാപ്പാറയിൽ റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ജാമ്യം ലഭിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയ ശേഷമാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്. പ്രതിഷേധം ശക്തമാകുമ്പോഴും പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ മരണത്തിനു ശേഷം ഫൊറൻസിക് പരിശോധന വിശദമായി നടത്തിയിട്ടുണ്ടെന്നും കുട്ടിയെ അപായപ്പെടുത്തിയതായി കണ്ടെത്തിയിട്ടില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കി.