ഇടുക്കി: പ്രളയ പുനർനിർമാണത്തിൽ ചെറുതോണിയിൽ നടക്കുന്ന നിർമാണങ്ങളിൽ വൻ അഴിമതി. നിർമാണം പൂർത്തിയാക്കിയ ഭിത്തിയിൽ നിന്നും കോൺക്രീറ്റ് കഷണങ്ങൾ ഇളകിപോകുന്ന നിലയിലാണ്. 2018ൽ ചെറുതോണി അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ ആണ് അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ ചെറുതോണി ആലിൻ ചുവട് റോഡ് തകർന്നത്. 400 മീറ്ററോളം റോഡ് പൂർണമായും ഒഴുകി പോയിരുന്നു. ഈ ഭാഗത്താണ് ഇപ്പോൾ നിർമാണങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. 49 കോടി രൂപാ മുതൽ മുടക്കിൽ ആണ് സംരക്ഷണഭിത്തിയുടെ നിർമാണം. എന്നാൽ നിർമാണം പുരോഗമിക്കുന്നതിനിടെ നിർമാണം പൂർത്തിയാക്കിയ ഭാഗങ്ങളിൽ നിന്നും കോൺക്രീറ്റ് ഇളകി വീഴുകയാണ്.
ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ തുറന്നു വിടുന്ന സമയങ്ങളിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും സമീപത്തുള്ള കോളനിക്ക് സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് സംരക്ഷണഭിത്തി നിർമിച്ചിരിക്കുന്നത്. എന്നാൽ അണക്കെട്ട് തുറന്നു വിടുമ്പോൾ കുതിച്ചെത്തുന്ന ജലത്തിന്‍റെ ശക്തിയെ ഇപ്പോഴത്തെ കോൺക്രീറ്റ് ഭിത്തി അതിജീവിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പാലാരിവട്ടം പാലത്തിന്‍റെ അഴിമതിക്ക് സമാനമായാണ് ഈ അഴിമതി എന്നും സംഭവത്തിൽ വിജിലൻസും സിബിഐയും അന്വേഷണം നടത്തണമെന്നും ബിജെപി ഇടുക്കി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് മീനത്തേരിയിൽ ആവശ്യപ്പെട്ടു.