ഇടുക്കി: ഇടുക്കി ചെമ്മണ്ണാറിലുണ്ടായം മലയിടിച്ചിലിൽ പ്രദേശവാസികൾക്ക് കൃഷി ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ടിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും സഹായമെത്തിക്കാതെ സർക്കാർ സംവിധാനങ്ങൾ. മേഖലയിലെ നാൽപത്തഞ്ചോളം കുടുംബങ്ങൾ ഇപ്പോഴും മലയിടിച്ചിൽ ഭീതിയിലാണ് കഴിയുന്നത്.
മലയിടിച്ചിൽ വീട് നഷ്ടപ്പെട്ടവരെ ഇനിയും പുനരധിവസിപ്പിക്കാൻ അധികൃതർക്കായിട്ടില്ല. കല്ലും മണ്ണും വീണ് കൃഷിയിടം പൂർണമായി നശിച്ചതോടെ കൃഷി ഉപേക്ഷിക്കുകയാണ് ഇവിടുത്തെ കർഷകർ. മണ്ണിടിച്ചിലുണ്ടായതിനാൽ പശുക്കൾക്ക് നൽകുവാൻ പുല്ലില്ലാതായതോടെ മറ്റ് മാർഗമില്ലാതെ പശുക്കളെയും വിൽക്കേണ്ടിവരുന്ന അവസ്ഥയിലാണ് ഇവിടുത്തെ കർഷകർ.
ഒരായുസിൻ്റെ അധ്വാനം മുഴുവൻ ഒറ്റനിമിഷം കൊണ്ട് മലയെടുത്തു കൊണ്ട് പോയതിനാൽ ഇനി എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നിൽക്കുകയാണ് ഇവിടുത്തെ നാട്ടുകാർ. എം പി, എംഎൽഎ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം സ്ഥലം സന്ദർശിച്ചു മടങ്ങിയെങ്കിലും യാതൊരു വിധ സഹായവും സർക്കാരിൽ നിന്നും ഇതുവരെ ലഭിച്ചില്ലെന്നും ഇവർ പറയുന്നു.
ALSO READ: കർഷകരെ സഹായിക്കാൻ ഉണ്ടാക്കിയ നിയമം ഉദ്യേഗസ്ഥര്‍ വളച്ചൊടിച്ചെന്ന് വനം മന്ത്രി
മലയിടിച്ചിലിൽ വീട് തകർന്നതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലാക്കിയവരെ ഇനിയും പുനരധിവസിപ്പിച്ചിട്ടില്ല. മുമ്പ് ഇടിഞ്ഞ മലയുടെ ഒരു ഭാഗം എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്. മഴക്കാലമെത്തുമ്പോൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ കുടുംബങ്ങൾ. അധികൃതർ ഇനിയെങ്കിലും കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണിവർ ദിവസങ്ങൾ തള്ളി നീക്കുന്നത്.