ഇടുക്കി: സൈക്കിളിൽ സഞ്ചരിച്ചിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ ആഢംബര വാഹനം പൊലീസ് പിടികൂടി. സിസിടിവി ദൃശ്യത്തിന്‍റെ സഹായത്തോടെ ശാന്തൻപാറ പൊലീസാണ് ഇടിച്ച വാഹനം കണ്ടെത്തിയത്. രാജകുമാരി നോർത്ത് സ്വദേശിയായ തോപ്പിൽ ചാക്കോ സാജുവിനെയാണ് എറണാകുളത്ത് നിന്നുള്ള നാലംഗസംഘം സഞ്ചരിച്ച വാഹനം ഇടിച്ചു തെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ തലക്കും കൈക്കും കാലിനും പരിക്കേറ്റ ചാക്കോയെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ബുധനാഴ്‌ച വൈകിട്ട് നാലരയോടെയാണ് ബിഡി വിഷൻ ജംഗ്‌ഷനു സമീപം വീടിന്‍റെ മുൻപിലായി സൈക്കിളിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥിയെ ഖജനാപ്പാറ ഭാഗത്ത് നിന്നും എത്തിയ ആഢംബര കാർ ഇടിച്ചു തെറിപ്പിച്ചത്.
രാജകുമാരി നോർത്ത് തോപ്പിൽ സാജു, ഓമന ദമ്പതികളുടെ മകനായ ചാക്കോ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. അപകടത്തിൽ ചാക്കോയ്ക്ക് മുൻനിരയിലെ പല്ലും നഷ്ട്ടപ്പെട്ടു. എറണാകുളത്ത് നിന്നും നാലംഗ സംഘം വാടകക്ക് എടുത്ത ഫോർച്യൂണർ വാഹനമാണ് ചാക്കോയെ ഇടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
കസ്റ്റഡിയിൽ എടുത്ത വാഹനം തന്നെയാണോ അപകടത്തിന് കാരണമായത് എന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ സഹായത്തോടെ പരിശോധന നടത്തുകയും അപകടം നടന്ന സ്ഥലത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്‌ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ശാന്തൻപാറ പൊലീസ് അറിയിച്ചു.