ഇടുക്കി: വിലയിടിവ് മൂലം ദുരിതത്തിലായ ഏലം കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമേകി മോഷ്‌ടാക്കളും രംഗത്ത്. രാത്രികാലങ്ങളില്‍ കൃഷിയിടങ്ങളില്‍ നിന്നും ഏലയ്‌ക്ക മോഷണം പോകുന്നത് പതിവാകുന്നു. കാഞ്ചിയാര്‍ കോടാലിപ്പാറ സ്വദേശി വൈശംപറമ്പില്‍ ബൈജുവിന്‍റെ കൃഷിയിടത്തില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രിയിൽ ഏലയ്‌ക്ക മോഷണം പോയതായി പരാതി.
ബൈജുവിന്‍റെ ഉടമസ്ഥതയിലുള്ള 60 സെന്‍റ് ഭൂമിയില്‍ നിന്നുമാണ് ഏലയ്‌ക്ക നഷ്‌ടപ്പെട്ടത്. ചെടിയില്‍ നിന്നും ശരം പൂർണമായും പറിച്ചു മാറ്റുകയും മൂപ്പെത്താത്ത ഏലയ്‌ക്ക ഉള്‍പെടെ പറിച്ചെടുക്കുകയും ചെയ്തിട്ടിട്ടുണ്ട്. ഏകദേശം 60 കിലോയോളം പച്ച ഏലക്കായ നഷ്ടമായി. ഏലയ്‌ക്കായുടെ കനത്ത വിലയിടിവിനൊപ്പമാണ് മോഷ്ടാക്കളുടെ ശല്യവും രൂക്ഷമായിരിക്കുന്നത്.
ALSO READ:അവകാശപ്പോരാട്ടങ്ങൾക്ക് തണല്‍ വിരിച്ച 'ഒപ്പുമരം' ഓർമയായി
സമീപ കൃഷിയിടങ്ങളില്‍ നിന്നും മുന്‍പും പലതവണ ഏലയ്‌ക്ക നഷ്‌ടപ്പെട്ടിട്ടുണ്ട്. രാത്രികാലങ്ങളില്‍ എത്തുന്ന മോഷ്ടാക്കള്‍, ചെടിയിലെ ശരങ്ങള്‍ മുറിച്ചെടുക്കുന്നതിനാല്‍, തുടര്‍ന്നുള്ള വിളവും നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. കുരുമുളകിന്‍റെ വിളവെടുപ്പ് സീസണും ആരംഭിച്ചതിനാല്‍, മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.