ഇടുക്കി: പാമ്പാടുംപാറ സംസ്ഥാന ഏലം ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളി നിയമനം വൈകുന്നതായി ആരോപണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും മുഴുവന്‍ തൊഴിലാളികളെയും നിയമിക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. ഭൂമിയിലെ വിവിധ ജോലികള്‍ ചെയ്യുന്നതിന് നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ തൊഴിലാളികള്‍ ആവശ്യമാണെന്നിരിക്കെയാണ് ലിസ്റ്റിൽ ഉള്ളവരുടെ പോലും നിയമനം നടക്കാത്തത്.
2019ലാണ് പാമ്പാടുപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ കാര്‍ഷിക ജോലികള്‍ക്കായി ഇന്‍റർവ്യൂ നടത്തിയത്. ഏലം കാര്‍ഷിക മേഖലയില്‍ ജോലി ചെയ്‌ത് പരിചയമുള്ളവരെയാണ് തെരഞ്ഞെടുത്തത്. തൊഴിലാളികളുടെ കായിക ക്ഷമതയും തൊഴില്‍ പരിചയവും എല്ലാ വിലയിരുത്തിയായിരുന്നു വിവിധ പരീക്ഷകള്‍ സംഘടിപ്പിച്ചത്. 85 പുരുഷന്‍മാരെയും 46 സ്‌ത്രീകളെയും ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. എന്നാല്‍ സ്‌ത്രീകളും പുരുഷന്‍മാരുമായി ആകെ 48 പേരെയാണ് ഇതുവരെ നിയമിച്ചിട്ടുള്ളത്.
തോട്ടത്തിലെ ഏലക്കായ വിളവെടുക്കാനാവാതെ നശിയ്ക്കുമ്പോഴും ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ഗവേഷണ കേന്ദ്രത്തില്‍ നിന്നും നിയമനം ആവശ്യപെട്ട് രേഖകള്‍ കാര്‍ഷിക സര്‍വകലാശാലയില്‍ സമര്‍പ്പിയ്ക്കാത്തതാണ് നിയമനം വൈകുന്നതിന് കാരണമെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെ ആരോപണം.
ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ തൊഴിലാളികളെയും നിയമിയ്ക്കണമെന്ന് ആവശ്യപെട്ട് 18ന് റാങ്ക് ഹോള്‍ഡേഴ്‌സ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിയ്ക്കപെട്ടതായും റാങ്ക് ഹോള്‍ഡേഴ്‌സ് ആരോപിയ്ക്കുന്നു.
ALSO READ: എം മുകുന്ദന് ജെസിബി സാഹിത്യ പുരസ്‌കാരം