ഇടുക്കി: രണ്ടാഴ്ചയോളമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ഏലച്ചെടികളില്‍ അഴുകല്‍ രോഗം വ്യാപകമാകുന്നു. വിലയിടിവിനൊപ്പം രോഗവും ബാധിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് ഇടുക്കിയിലെ ഏലം കര്‍ഷകര്‍. തുടർച്ചയായി പെയ്യുന്ന മഴയ്ക്ക് പുറമെ തോട്ടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും കൃഷിക്ക് തിരിച്ചടിയായിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ ഇനിയും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതോടെ, കൂടുതല്‍ ചെടികള്‍ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. കൂടുതലായി മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഏലച്ചെടികളുടെ തണ്ടുകള്‍ അഴുകുന്നതായി കാണപ്പെടുന്നത്.
കനത്ത വിലത്തകര്‍ച്ചയിലൂടെയാണ് ഏലം മേഖല കടന്നു പോകുന്നത്. 750 രൂപയില്‍ താഴെയാണ് ഒരു കിലോ ഏലക്കയുടെ ഇപ്പോഴത്തെ ശരാശരി വില. വിലയിടിവിനൊപ്പം ചെടികള്‍ നശിക്കുന്നതും വലിയ തിരിച്ചടിയാകുമെന്ന് കര്‍ഷകര്‍ പറയുന്നു.