ഇടുക്കി: രണ്ട് പരീക്ഷകളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഉടുമ്പന്‍ചോല പാറത്തോട് സ്വദേശിനിയായ ആതിര രഘുനാഥ്. ഒന്ന് തെരഞ്ഞെടുപ്പ് പരീക്ഷയും മറ്റൊന്ന് സിഎ പരീക്ഷയും. ഉടുമ്പന്‍ചോല പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിന്നാണ് ആതിര യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ചുവപ്പ് കോട്ടയില്‍ ഇത്തവണ വലതുപക്ഷം വെന്നികൊടി പാറിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് വിളയില്‍ വീട്ടില്‍ ആതിരാ രഘുനാഥ്. ജനുവരിയില്‍ നടക്കുന്ന സിഎ പരീക്ഷക്ക് മുന്‍പ് തെരഞ്ഞെടുപ്പ് ഗോദയിലെ പോരാട്ടത്തിലാണ് 22 കാരി. ചെന്നൈ കോടമ്പാക്കത്തെ കെ.എസ് അക്കാദമിയില്‍ ചാര്‍ട്ടേട് അക്കൗണ്ടന്‍റ് വിദ്യാര്‍ഥിനിയാണ് ആതിര.
ലോക് ഡൗണില്‍ പരീക്ഷക്ക് പഠിക്കുന്നതിനായി എത്തിയ ആതിരയോട് കോണ്‍ഗ്രസ് പാര്‍ട്ടി മത്സരിക്കാന്‍ നിര്‍ദേശിക്കുയായിരുന്നു. തോട്ടം മേഖലയായതിനാല്‍ പുലര്‍ച്ചെയും വൈകുന്നേരങ്ങളിലുമാണ് പ്രധാനമായും പ്രചാരണത്തിനായി വീടുകള്‍ കയറി ഇറങ്ങുന്നത്. രാത്രിയും പകല്‍ സമയത്തെ ഇടവേളകളും പഠനത്തിനായി മാറ്റി വെയ്ക്കും. ഇടുക്കിയില്‍ ഇത്തവണ മത്സര രംഗത്തുള്ള ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് ആതിര. രണ്ട് പരീക്ഷകളിലും വിജയം കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുവതി.