മൂന്നാറില്‍ പഞ്ചായത്ത് നടത്തിയ അനധികൃത കെട്ടിടനിര്‍മാണം ഹൈക്കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നാറിലെ സിപിഐ നേതാവ് എം.വൈ. ഔസേപ്പ് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. രണ്ടാഴ്ചക്ക് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ സര്‍ക്കാരും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി വിധിയില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ നിലപാട്.
കണ്ണന്‍ദേവന്‍ പ്ലാന്‍റേഷന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിനെടുത്തുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്‍റെ എന്‍ഓസി ആവശ്യമില്ലെന്നാണ് പഞ്ചായത്തിന്‍റെ വാദം. അതേ സമയം തോട്ട നിയമപരിധിയില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ നിര്‍മാണം നടത്താന്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സംസ്ഥാന സര്‍ക്കാരും ഇതേ നിലപാടാണ് ഹൈക്കോടതിയില്‍ സ്വീകരിച്ചത്.
അനധികൃത നിര്‍മാണത്തിനെതിരെ നിലപാട് സ്വീകരിച്ച ദേവികുളം സബ് കലക്ടര്‍ ഡോ.രേണുരാജിനെ എസ്.രാജേന്ദ്രന്‍ എം.എല്‍.എ അപമാനിച്ചത് വന്‍ വിവാദമായിരുന്നു. സബ് കലക്ടറുടെ സത്യവാങ്മൂലത്തിലും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലും എം.എല്‍.എക്കെതിരെ പരാമര്‍ശമുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നിലും ജനക്കൂട്ടത്തിന് മുന്നിലും സബ് കലക്ടറെ അപമാനിച്ചു എന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. പഞ്ചായത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമെന്ന് കാട്ടി ജില്ലാ കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ടടക്കം പരാമര്‍ശിച്ചു കൊണ്ടാണ് ഹൈക്കോടതിയിലെ സര്‍ക്കാര്‍ സത്യവാങ്മൂലം.