ഇടുക്കി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചപ്പോൾ പല കുട്ടികളും ചിത്ര രചനയ്ക്കും കരകൗശല വസ്‌തുക്കളുടെ നിർമാണത്തിനും കളികള്‍ക്കും ഒക്കെ സമയം വിനിയോഗിച്ചു. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്ഥനാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ശിവജിത്ത്. ഏഴാം ക്ലാസുകാരനായ ഈ മിടുക്കന്‍ പശു വളര്‍ത്തലിലൂടെ നേടിയത് 25,000ലധികം രൂപയാണ്.
കോമ്പയാര്‍ സ്വദേശികളായ സജിത്-ഷൈനി ദമ്പതികളുടെ ഇളയ മകനാണ് ശിവജിത്ത്. ചെറുപ്പം മുതല്‍ ശിവജിത്തിന് മൃഗങ്ങളോട് വലിയ സ്‌നേഹമാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചതോടെ വീട്ടില്‍ വെറുതെ ഇരുന്ന് മടുത്ത ശിവജിത്ത്, തനിയ്ക്ക് ഒരു പശുവിനെ വാങ്ങി നല്‍കണമെന്ന് മാതാപിതാക്കളോട് പറയുകയും ശിവജിത്ത് സൂക്ഷിച്ച് വച്ചിരുന്ന പതിനായിരത്തോളം രൂപ പിതാവിന് കൈമാറുകയും ചെയ്‌തു.
ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞാല്‍ ബാക്കിയുള്ള സമയം പശു പരിപാലനമാണ്. പുല്ല് ചെത്തുന്നതും, പശുവിനെ കുളിപ്പിയ്ക്കുന്നതും, വെള്ളം കൊടുക്കുന്നതും, തൊഴുത്ത് വൃത്തിയാക്കുന്നതുമെല്ലാം ശിവജിത്ത് ഒറ്റയ്‌ക്കാണ്. രണ്ട് മാസം മുമ്പ് ഒരു പശുകിടാവും ഉണ്ടായി. പാല്‍ കറക്കുന്നതും സൊസൈറ്റിയില്‍ കൊണ്ടുപോകുന്നതുമെല്ലാം ഈ മിടുക്കൻ തന്നെ. മകന്‍റെ പശുവളര്‍ത്തലിലൂടെ കുടുംബത്തിന് അധിക വരുമാനം ലഭിച്ചതായി അമ്മ ഷൈനി പറയുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ഥ ഇനം പശുക്കളെ വാങ്ങി ഭാവിയില്‍ വലിയൊരു ഫാം തുടങ്ങണമെന്നാണ് ശിവജിത്തിന്‍റെ ആഗ്രഹം.