ഇടുക്കി: ഇടുക്കി ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലേയ്‌ക്ക് തമിഴ്‌നാട്ടില്‍ നിന്നും ദിവസേന ആയിരക്കണക്കിന് തൊഴിലാളികളാണ് എത്തുന്നത്. കടുത്ത തൊഴിലാളിക്ഷാമത്തെ മറിക്കടക്കാനുള്ള ഏക ആശ്രയവും അതിര്‍ത്തി കടന്നെത്തുന്ന ഈ തൊഴിലാളികളായിരുന്നു. കമ്പം, തേനി, ബോഡിനായ്‌ക്കന്നൂര്‍ എന്നിവടങ്ങളില്‍ നിന്നാണ് പ്രധാനമായും തൊഴിലാളികൾ ഇടുക്കിയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കൊവിഡിന്‍റെ രണ്ടാം വരവില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തമിഴ്‌നാട്ടില്‍ നിന്നും ദിനംപ്രതി ഇടുക്കിയിലെ തോട്ടം മേഖലയിലേയ്‌ക്കെത്തിയിരുന്ന തൊഴിലാളികളുടെ വരവ് നിലച്ചിരിക്കുകയാണ്. കൂടാതെ ഇ-ജാഗ്രതാ പോര്‍ട്ടലിലെ രജിസ്ട്രേഷനും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതും തൊഴിലാളികൾക്ക് തിരിച്ചടിയാവുകയാണ്. ഇതോടെ തോട്ടം തൊഴിലാളികളുടെ വരവ് പൂര്‍ണമായി നിലച്ചു. ഏലം മേഖലയുടെ പരിപാലനത്തിന് തിരിച്ചടിയായി മാറുന്ന സാഹചര്യമാണിതെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
തൊഴിലാളികളുടെ വരവ് നിലച്ചത് വലിയ പ്രതിസന്ധിയായി മാറുമെന്നും അതിനാല്‍ വിഷയത്തിന്‍റെ ഗൗരവം ജില്ലാ കലക്‌ടറെ ധരിപ്പിച്ചിട്ടുണ്ടെന്നും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യൻ പറഞ്ഞു. കഴിഞ്ഞ ലോക്ക്‌ഡൗണ്‍ കാലത്തും അതിര്‍ത്തിയിലെ കടുത്ത നിയന്ത്രണങ്ങള്‍ കാരണം തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഇവിടേയ്‌ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വീണ്ടുമുണ്ടായിരിക്കുന്ന സമാന സാഹചര്യം കര്‍ഷകരെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. ഇതോടൊപ്പം തോട്ടം മേഖലയെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവന മാര്‍ഗവും വഴിമുട്ടിയ അവസ്ഥയിലാണ്.