ഇടുക്കി : കൊച്ചു കരിന്തരുവി വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ നിബിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ (ഒക്‌ടോബര്‍ 24) കയത്തില്‍ കുളിക്കാനിറങ്ങി വെള്ളത്തില്‍ മുങ്ങിയ സഹോദരനെ രക്ഷപ്പെടുത്തുന്നതിനിടെയാണ് നിബിന്‍ അപകടത്തില്‍പ്പെട്ടത്. ഇന്ന് (ഒക്‌ടോബര്‍ 25) രാവിലെ സ്‌കൂബ സംഘം നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നിബിനും സഹോദരന്‍ നിതിനും അടങ്ങുന്ന എട്ടംഗ സംഘം കൊച്ചു കരിന്തരുവിയിലെത്തിയത്. ഗവിയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് സംഘം ഇവിടെയെത്തിയത്. വെള്ളച്ചാട്ടത്തിലെത്തിയ സംഘം കുളിക്കാനിറങ്ങിയതോടെ നിബിന്‍റെ സഹോദരന്‍ വെള്ളത്തില്‍ മുങ്ങി. ഇതോടെ രക്ഷപ്പെടുത്താന്‍ നിബിന്‍ വെള്ളത്തിലേക്ക് എടുത്തുചാടി.
യുവാക്കളുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്തി കരക്കെത്തിക്കുന്നതിനിടെ കാല്‍ വഴുതി നിബിന്‍ വീണ്ടും ആഴത്തിലേക്ക് വീണു. തുടര്‍ന്ന് നിബിനെ കാണാതാവുകയായിരുന്നു. സംഭവത്തിന് പിന്നാലെ പീരുമേട്ടില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തി.
കനത്ത മഴയും വെളിച്ചക്കുറവും കാരണം രാത്രിയില്‍ തെരച്ചില്‍ നിര്‍ത്തിവച്ചു. തുടര്‍ന്ന് ഇന്ന് വീണ്ടും തെരച്ചില്‍ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വാഴവരയിൽ വീണ്ടും വന്യജീവി സാന്നിധ്യം : ഇടുക്കി വാഴവരയില്‍ വീണ്ടും വന്യജീവി സാന്നിധ്യം. പുലിയാണോയെന്നതില്‍ വ്യക്തതയില്ലെന്ന് വനം വകുപ്പ്. ശനിയാഴ്‌ച സ്ഥലത്തെത്തിയ വന്യജീവി വളര്‍ത്ത് നായയെ കടിച്ചു കൊന്നിരുന്നു. വാഴവര സ്വദേശിയായ മണിയുടെ വളര്‍ത്തു നായയാണ് ചത്തത്.
സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ വനംവകുപ്പ് നായയുടെ ജഡം ഭക്ഷിക്കാന്‍ വന്യ ജീവി വീണ്ടും എത്തുമെന്നും ജഡം മറവ് ചെയ്യരുതെന്നും നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഇന്നലെ (ഒക്‌ടോബര്‍ 25) രാത്രിയില്‍ നായയുടെ ജഡം മുഴുവന്‍ ഭക്ഷിച്ചതായി സംഘം കണ്ടെത്തി. സ്ഥലത്തെത്തിയത് പുലിയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കാല്‍പ്പാടുകള്‍ കണ്ടെത്താന്‍ വനം വകുപ്പിന്‍റെ പരിശോധനയില്‍ കഴിഞ്ഞിട്ടില്ല.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് ആശങ്ക പടര്‍ന്നു. ഇതോടെ വനം വകുപ്പ് പ്രദേശത്ത് രാത്രികാല നിരീക്ഷണം ശക്തമാക്കി. വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടായാല്‍ സ്ഥലത്ത് കാമറ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുരിശുമല ഭാഗത്ത് തോട്ടം തൊഴിലാളികള്‍ പുലിയോട് രൂപസാദൃശ്യമുള്ള ജീവിയെ കണ്ടിരുന്നുവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏലത്തോട്ടത്തില്‍ വച്ചാണ് സംഘം വന്യജീവിയെ കണ്ടത്.