ഇടുക്കി: വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കുവാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ചെങ്കുളം വ്യൂവാലിയിൽ ബോട്ടിംഗ് പുനരാരംഭിച്ചു. 20 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒരു വലിയ ബോട്ടും രണ്ട് സ്പീഡ് ബോട്ടുകളുമാണ് ഇപ്പോള്‍ സെന്‍ററിൽ ഉള്ളത്. പൂര്‍ണമായി കൊവിഡ് ജാഗ്രത കൈകൊണ്ടായിരിക്കും സഞ്ചാരികളെ ബോട്ടിംഗ് സെന്‍ററിൽ പ്രവേശിപ്പിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കൊവിഡിനെ തുടർന്ന് മാർച്ചിലാണ് ചെങ്കുളം വ്യൂവാലി ബോട്ടിംഗ് സെന്‍റർ അടച്ചിട്ടത്. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ബോട്ടിംഗ് പുനരാരംഭിച്ചത്. ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും സന്ദര്‍ശകരെ ബോട്ടിംഗ് സെന്‍ററിലേക്ക് പ്രവേശിപ്പിക്കുക. സന്ദര്‍ശകരായി എത്തുന്ന മുഴുവന്‍ ആളുകളുടെയും പേരുവിവരങ്ങള്‍ ശേഖരിക്കും. കൊവിഡ് വ്യാപനം കുറയുന്ന മുറക്ക് കൂടുതല്‍ സന്ദര്‍ശകർ എത്തുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ബോട്ടിംഗ് സെന്‍റർ സൈറ്റ് ഇന്‍ ചാര്‍ജ് കെ.സതീഷ് കുമാര്‍ പറഞ്ഞു.
മാര്‍ച്ച് മാസം മുതല്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ബോട്ടുകള്‍ക്ക് നടത്തേണ്ടതായി വന്ന അറ്റകുറ്റപ്പണികള്‍ എല്ലാം ഇതിനോടകം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. അഞ്ച് പേര്‍ക്ക് യാത്രചെയ്യാവുന്ന സ്പീഡ് ബോട്ടിന് 920 രൂപയാണ് ചാര്‍ജ്ജ്. പൂര്‍ണമായി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ബോട്ടിംഗ് സെന്‍ററിന്‍റെ പ്രവര്‍ത്തനം മുമ്പോട്ട് കൊണ്ടു പോകാനാകുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.