ഇടുക്കി : പശ്ചിമഘട്ടമലനിരകളെ നീലപ്പട്ടണിയിച്ചുകൊണ്ട് വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തമെത്തിയിരിക്കുകയാണ്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കിഴക്കാതി മലനിരകളിലാണ് കുറിഞ്ഞിച്ചെടികള്‍ പൂവിട്ടത്. നേരത്തെ, 12 വർഷം കൂടുമ്പോൾ മാത്രമുണ്ടായിരുന്ന കുറിഞ്ഞി പൂക്കള്‍ തുടർച്ചയായി മൂന്നാം വർഷമാണ് മലനിരകള്‍ക്ക് നീലിമയേകിയത്.
കിഴക്കാതി മലകയറിയാല്‍ വര്‍ണവിസ്മയം
മൺസൂൺ കാലത്തെ വരവേറ്റാണ് ശാന്തൻപാറയിലെ കിഴക്കാതി മലയിലെ പുൽമേടുകൾ നീലപ്പട്ടണിഞ്ഞത്. വാക്കോടൻ സിറ്റിയിൽ നിന്നും രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ കിഴക്കാതി മലയുടെ താഴ്‌വാരത്തെത്താം.
ALSO READ: കൈകോർത്ത് മലയാളി; മുഹമ്മദിനായി ഒഴുകിയെത്തിയത് 18 കോടി
ഇവിടെ നിന്നും ചെങ്കുത്തായ മലകയറിയാൽ നീലവസന്തത്തിന്‍റെ മായാജാലം കണ്‍കുളിര്‍ക്കെ കാണാം. ഒപ്പം ശാന്തമായ ശാന്തൻപാറയുടെയും മഞ്ഞുമൂടിയ മലനിരകളുടെയും കാഴ്ച്ചവട്ടങ്ങൾ കണ്‍മുന്‍പിൽ തെളിയും.
പ്രളയം കവർന്ന വസന്തകാലം
കഴിഞ്ഞ വർഷവും ഗ്രാമപഞ്ചായത്തിന്‍റെ അതിർത്തി ഗ്രാമമായ തോണ്ടിമലയിലും വ്യാപകമായി കുറിഞ്ഞിച്ചെടികള്‍ പൂത്തിരുന്നു. 2018 ൽ മൂന്നാർ രാജമലയില്‍ നീലക്കുറിഞ്ഞി വസന്തത്തെ പ്രളയം കവർന്നത് സഞ്ചാരികളെ നിരാശയിലാഴ്ത്തി. പ്രത്യാശയുടെ വർണക്കുട ചൂടി പൂപ്പാറ തോണ്ടിമലയിലെ സ്വകാര്യ ഭൂമിയിൽ ഏക്കറുക്കണക്കിന് പുൽമേടുകളില്‍ നീലക്കുറിഞ്ഞി പൂത്തിരുന്നു.
പ്രതീക്ഷയോടെ സഞ്ചാരികള്‍
ഈ കൊവിഡ് കാലത്ത് ശാന്തൻപാറയിലെ മലനിരകൾ പ്രത്യാശയുടെ വർണവസന്തമാണ് ഒരുക്കിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ശാന്തൻപാറ ഗ്രാമപഞ്ചായത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പൂക്കള്‍ക്കൊണ്ട് മലമൂടുന്ന നീലവർണവിസ്‌മയത്തെ പ്രളയത്തിന് പുറമെ കൊവിഡും മറച്ചുപിടിച്ചതില്‍ ആസ്വാദകര്‍ക്ക് തെല്ലല്ലാത്ത നിരാശയുണ്ട്.