ഇടുക്കി: പശ്ചിമഘട്ട മലനിരയുടെ ഭാഗമായ തോണ്ടിമലയില്‍ കാലംതെറ്റി കുറിഞ്ഞി പൂവിട്ടപ്പോൾ കൊവിഡ് വില്ലനായി. 2018ലെ വസന്തകാലം പ്രളയം കവർന്നിരുന്നു. ഇതോടെ അടുത്തിടെ ഉണ്ടായ രണ്ട് വസന്ത കാലവും സഞ്ചാരികള്‍ക്ക് നഷ്ടമായി. മാത്രമല്ല ജില്ലക്കുണ്ടായത് കോടികളുടെ വരുമാന നഷ്ടമാണ്. ഇനിയൊരുവസന്തകാലത്തിനായി പന്ത്രണ്ട് വർഷങ്ങൾ കാത്തിരിക്കണം. ഇരവികുളം ദേശീയ ഉദ്യാനത്തിലും പശ്ചിമഘട്ട മലനിരകളുടെ വിവിധ മേഖലകളിലുമാണ് കുറിഞ്ഞി പൂക്കൾ വിടരുന്നത്. 2018ല്‍ നീലക്കുറിഞ്ഞി വസന്തത്തെ വരവേൽക്കാൻ ജില്ലാ ഭരണകൂടം തയാറെടുപ്പുകൾ നടത്തിയിരുന്നു. പത്തുലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിച്ചിരുന്ന ജില്ലയിലേക്ക് കടന്നുവരാൻ സാധിച്ചത് നാമമാത്രമായ സഞ്ചാരികൾക്ക് മാത്രമാണ്.
ഈ വര്‍ഷമാകട്ടെ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സഞ്ചാരികൾക്കു നിരോധനം ഏർപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവിധ ജില്ലകളിൽ നിന്നും സഞ്ചാരികള്‍ അധികമായിട്ടെത്തിയതോടെയാണ് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതും വിനോദ സഞ്ചാര മേഖലയുടെ നടുവൊടിച്ചിരിക്കുകയാണ്.