ഇടുക്കി: 15 വാർഡുകളുള്ള കാഞ്ചിയാർ പഞ്ചായത്തിൽ ഒൻപത് സീറ്റ് നേടി എൽഡിഎഫ് ജയിച്ചെങ്കിലും പ്രസിഡന്‍റ് പദവി ബിജെപിക്ക്. പട്ടികജാതി വിഭാഗത്തിനാണ് ഇവിടെ പ്രസിഡന്‍റ് സ്ഥാനം സംവരണം ചെയ്തിരിക്കുന്നത്. എന്നാൽ ഈ വിഭാഗത്തിൽപെട്ടവർ എൽഡിഎഫിന്‍റെ പക്ഷത്ത് വിജയിക്കാതിരുന്നതാണ് പ്രസിഡന്‍റ് സ്ഥാനം നഷ്‌ടപ്പെടാൻ കാരണം.
പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള നാല് പേരാണ് പഞ്ചായത്ത് മേഖലയിൽ മത്സരിച്ചത്. ഇവരിൽ നരിയമ്പാറ വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി കെ.സി.സുരേഷ് മാത്രമാണ് ജയിച്ചത്. പട്ടികജാതി വിഭാഗത്തിൽപെട്ടവരെ ജനറൽ സീറ്റിൽ ഉൾപ്പെടെ രണ്ട് വാർഡുകളിൽ ഇടതുപക്ഷം മത്സരിപ്പിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് ബിജെപിയുടെ ഏക അംഗമായ സുരേഷിന് പ്രസിഡൻ്റ് പദവിയിലേയ്ക്കുള്ള വഴി തുറന്നത്.
കാഞ്ചിയാർ പഞ്ചായത്തിലെ നരിയമ്പാറ വാർഡാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരുന്നത്. 2015ൽ ഇടതുപക്ഷ ഭരണ സമിതിയിൽ അംഗമായിരുന്ന സനീഷ് ശ്രീധരനും യുഡിഎഫിൽ നിന്ന് എം.കെ.സുരേഷ്‌കുമാറും തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എന്നാൽ ഇരുവർക്കും ജയിക്കാനായില്ല. ഇതോടെ പഞ്ചായത്തിലെ ഏക ബിജെപി അംഗമായ കെ.സി.സുരേഷിന് പ്രസിഡന്‍റ് സ്ഥാനം ലഭിക്കുകയായിരുന്നു. 15 അംഗ ഭരണസമിതിയിൽ 14 പേരും എതിർ പക്ഷത്തു നിൽക്കുമ്പോഴും പ്രസിഡന്‍റ് പദവി ലഭിച്ചതിന്‍റെ ആഹ്ളാദത്തിലാണ് ബിജെപി പ്രവർത്തകർ.