ഇടുക്കി: കാന്താരി മുളക് കൃഷിയില്‍ നൂറുമേനി വിജയം കൊയ്‌തിരിക്കുകയാണ് കട്ടപ്പന നെല്ലിപ്പാറയിലെ യുവ കര്‍ഷക. അക്കൗണ്ടിങ് മേഖലയിലെ മികച്ച ജോലി ഉപേക്ഷിച്ച് മണ്ണിലിറങ്ങി പണിയെടുക്കുകയാണ് ബികോം ബിരുദധാരിയായ നിമിഷ. ഏലം, കുരുമുളക്, കൊക്കോ എന്നിവയുടെയെല്ലാം വിലയിടിവില്‍ നടുവൊടിഞ്ഞ കര്‍ഷകര്‍ക്ക് നിമിഷ മാതൃകയാണ്.
കാന്താരിയുടെ വിപണി മൂല്യം മനസിലാക്കി വീടിനോട് ചേര്‍ന്ന 60 സെന്‍റ് സ്ഥലത്താണ് നിമിഷ കൃഷിയിറക്കുന്നത്. മൈസൂരുവില്‍ നിന്നാണ് തൈകളെത്തിക്കുന്നത്. ചെങ്കുത്തായ സ്ഥലം കൃഷിയോഗ്യമാക്കി 1200 ചെടികൾ നട്ടു. അതില്‍ 850 ചെടികളില്‍ നിന്നായി മാസം തോറും 200 കിലോ കാന്താരി ലഭിക്കുന്നുണ്ട്.
എല്ലുപൊടിയും ആട്ടിന്‍ കാഷ്‌ഠവുമാണ് വളം. ഒരു കിലോ കാന്താരിക്ക് 280 രൂപ മുതല്‍ 500 രൂപ വരെ വില ലഭിക്കാറുണ്ട്. ഭര്‍ത്താവ് ലിജോയാണ് സഹായി. ഇടുക്കിയില്‍ വിപണി കുറവായതിനാല്‍ മറ്റ് ജില്ലകളിലേക്കാണ് അധികവും കാന്താരി കയറ്റുമതി ചെയ്യുന്നത്. വിദേശ വിപണിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഈ യുവ കര്‍ഷക.