ഇടുക്കി: രാജാക്കാട് കുളത്രകുഴിക്ക് സമീപം ബോലേറെയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇരുചക്ര വാഹന യാത്രികനായ രാജകുമാരി സ്വദേശി പട്ടരുമഠത്തിൽ സനു വർഗീസ്(42) ആണ് മരണപ്പെട്ടത്. അപകടത്തിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ച ബൊലോറിയിൽ നിന്നും പിഞ്ചുകുഞ്ഞടക്കം രക്ഷപെട്ടത് അത്ഭുതകരമായി.
രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഇരുചക്രവാഹന യാത്രികൻ തൽക്ഷണം മരണപെട്ടു. മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന ബൊലേറോ സ്കൂട്ടിയിൽ ഇടിക്കുകയും നിയന്ത്രണം നഷ്ട്ടപ്പെട്ട ബൊലേറോ സമീപത്തെ മരത്തിൽ ഇടിച്ചു മറിയുകയും ആയിരുന്നു.
അമ്മയും 2 മാസം പ്രായമായ കുഞ്ഞും ഉൾപ്പടെ 3 സ്ത്രീകളും ഡ്രൈവറുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് . റോഡ് സൈഡിലെ മരത്തിൽ ബൊലേറോ ഇടിച്ചു നിന്നതിനാൽ കൊക്കയിലേക്ക് വീഴാതെ വൻ അപകടം ഒഴിവായി. അമ്മയും കുഞ്ഞും മറ്റ് യാത്രികരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡിന്‍റെ അശാസ്ത്രീയ നിർമാണവും കൊടും വളവുകളും കുത്തിറക്കവുമാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ചെറുതും വലുതുമായ വാഹങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. രാജാക്കട് പൊലീസ് സംഭവ സ്ഥലം പരിശോധിച്ചു. സനുവിന്‍റെ മൃദദേഹം അടിമാലി താലൂക് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.