ഇടുക്കി: ഇടുക്കിയിൽ റവന്യു ഭൂമിയില്‍ നിന്നും വിവിധ കാരണങ്ങളാല്‍ മുറിച്ച് മാറ്റുന്ന വൻമരങ്ങള്‍ ചിതലെടുത്ത് നശിക്കുന്നു. വനം വകുപ്പ് അമിത വില നിശ്ചയിക്കുന്നതുമൂലം ലേലത്തിൽ മരം വാങ്ങുവാൻ ആളെത്താത്തതാണ് കാരണം. മരംമുറിയ്ക്കൽ നിരോധനം നിലനിൽക്കുന്നതിനാൽ ഗാർഹിക ആവശ്യത്തിനടക്കം തടിയുടെ ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ആർക്കും ഉപകരിക്കാതെ വൻ മരങ്ങൾ നശിയ്ക്കുന്നത്.
കൂടുതല്‍ വായനയ്ക്ക്... മൂന്നാറിൽ വീണ്ടും കാട്ടാന
ഇടുക്കിയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ സമീപത്ത് നിന്നും മറ്റ്, സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മുറിച്ച് മാറ്റപ്പെട്ട മരങ്ങള്‍ക്കാണ് വനം വകുപ്പ് അമിത വില നിശ്ചയിക്കുന്നതായി ആരോപണം ഉയരുന്നത്. അപകടരമായ അവസ്ഥയില്‍ നില്‍ക്കുന്നതോ, വികസനത്തിന്‍റെ ഭാഗമായോ മരങ്ങള്‍ മുറിച്ച് മാറ്റാറുണ്ട്. വനം വകുപ്പ് വില നിശ്ചയിച്ച ശേഷം ലേലത്തിലൂടെ ഇവ വില്‍ക്കുകയാണ് ചെയ്യുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മുണ്ടിയെരുമയില്‍ പ്രവര്‍ത്തിയ്ക്കുന്ന പാമ്പാടുംപാറ വില്ലേജ് ഓഫീസിന്‍റെ സമീപത്ത് നിന്നും പാഴ്മരമായി കണക്കാക്കുന്ന കൂറ്റൻ ഇലവ് മരം മുറിച്ച് നീക്കിയിരുന്നു. ഇതിന് ലക്ഷങ്ങൾ വിലയിട്ടതോടെ കച്ചവടക്കാർ എത്താതെ രണ്ട് തവണ ലേലം മുടങ്ങി. ഇപ്പോൾ സമീപത്തുള്ള റവന്യൂ ഭൂമിയിൽ കിടന്ന് മരം ചിതലെടുത്ത് നശിക്കുകയാണ്. നെടുങ്കണ്ടത്ത് കഴിഞ്ഞ ഭരണ സമിതികളുടെ കാലത്ത് മുറിച്ച് മാറ്റിയ അമ്പതോളം മരങ്ങളാണ് ലേലം ചെയ്യാതെ നശിച്ചു കൊണ്ടിരിക്കുന്നത്.
ഉടുമ്പൻചോലയിലെ വില്ലേജ് ഓഫീസുകളുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലും ഇങ്ങനെ മുറിച്ചിട്ട 230 വൻമരങ്ങൾ നിലവിൽ നശിക്കുന്നുണ്ടെന്നാണ് കണക്ക്. മിതമായ വില നിശ്ചയിക്കുകയാണെങ്കില്‍ ലേലം നടക്കുമെന്നിരിക്കെയാണ് വനം വകുപ്പ് വന്‍ തുക നിര്‍ദേശിയ്ക്കുന്നത്. ഇടുക്കിയിലെ റവന്യു ഭൂമികളിലും വനം വകുപ്പിന്‍റെ ഉടമസ്ഥതിയിലും വെട്ടിമാറ്റപെട്ട നിരവധി മരങ്ങളാണ് ഇത്തരത്തില്‍ നശിച്ചുകൊണ്ടിരിക്കുന്നത്.