ഇടുക്കി: നിരവധി വിവാദങ്ങളാണ് തണ്ണിക്കോട് ഗ്രൂപ്പിന്‍റെ എംഡി വിവാദ വ്യവസായിയുടെ ക്രഷര്‍ യൂണിറ്റിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നത്. ചതുരംഗപ്പാറയിലെ ബെല്ലി ഡാൻസ് നിശാപ്പാർട്ടിയെ തുടർന്നുണ്ടായ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ബെല്ലി ഡാൻസിനെ തുടർന്ന് ഭൂമി വിവാദവും ഉടലെടുത്തു. ഉദ്‌ഘാടനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച നിശാപ്പാർട്ടിയിൽ പങ്കെടുത്ത 28 പേർക്കെതിരെ ശാന്തൻപാറ പൊലീസെടുത്ത കേസുകൾ ഇന്നും നിലനിൽക്കുകയാണ്. കൊവിഡ് മാനദണ്ഡം പാലിച്ചില്ലന്ന കേസാണ് അന്നെടുത്തത്. എന്നാൽ അതിൽ ഇതുവരെ ആരും പിഴയടച്ചിട്ടില്ല. അമിത അളവിൽ മദ്യം വിളമ്പിയെന്ന പരാതിയിൽ തെളിവ് കണ്ടെത്താൻ എക്സൈസിനോ പൊലീസിനോ കഴിഞ്ഞതുമില്ല. ഇത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴി തെളിച്ചു.
എന്നാൽ വിവാദ വ്യവസായിയിൽ നിന്നും ഉദ്യോഗസ്ഥർ പണം കൈപ്പറ്റി കേസ് ഒതുക്കുകയായിരുന്നുവെന്നും ആക്ഷേപം നിലനിൽക്കുകയാണ്. നിശാപാർട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയെങ്കിലും പാർട്ടിക്ക് കാരണമായ ക്രഷര്‍ യൂണിറ്റുമായി ബന്ധപ്പെട്ടും തണ്ണിക്കോട് ഗ്രൂപ്പ് ചെയർമാനെക്കുറിച്ചുമുള്ള വിവാദങ്ങളും ഇന്നും അവസാനിച്ചിട്ടില്ല. റവന്യൂ വകുപ്പിന്‍റെ ഇടപെടലില്‍ ക്രഷര്‍ യൂണിറ്റ് ഇതുവരെ തുറക്കാന്‍ കഴിഞ്ഞിട്ടുമില്ല.