ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റയാളെ അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപണം. തങ്കമല മാട്ടുപ്പെട്ടി ഡിവിഷൻ സ്വദേശി പേച്ചിമുത്തുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് പേച്ചിമുത്തുവും സുഹൃത്തും വിറക് ശേഖരിക്കുന്നതിനായി എസ്റ്റേറ്റുകളിൽ പ്രവേശിച്ചത്.
റോഡിൽ നിന്നും ഒരു കിലോമീറ്ററോളം തേയില തോട്ടത്തിനുള്ളിലേക്ക് നീങ്ങിയ പേച്ചിമുത്തുവിനെ കരടി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പേച്ചിമുത്തുവിന്‍റെ കൈയിലും മുതുകിലും മുഖത്തും പരിക്കേറ്റു. തുടർന്ന് ഇയാളെ വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും കഴിഞ്ഞ ദിവസമാണ് വണ്ടിപ്പെരിയാറിലെത്തിയത്. എന്നാൽ ഇതുവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നോ എസ്റ്റേറ്റ് അധികൃതരുടെ ഭാഗത്ത് നിന്നോ യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നാണ് പേച്ചിമുത്തുവിന്‍റെ ആരോപണം. ചികിത്സാ ചിലവിനുള്ള പണം സ്വന്തം കയ്യില്‍ നിന്നാണ് ചിലവഴിച്ചതെന്നും ഇയാള്‍ പറഞ്ഞു.