ഇടുക്കി: ഇടുക്കിയുടെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരത്തിൽ ഇനി നല്ല കോഴിക്കോടൻ ബിരിയാണിയുടെ സുഗന്ധം പരക്കും. പ്രതിസന്ധികളെ തരണം ചെയ്‌ത് നെൽകൃഷിയെ നെഞ്ചോട് ചേർത്ത കർഷകരാണ് ബസുമതി അരി മലയോര മണ്ണിൽ വിളയിച്ച് വിജയം കൊയ്യുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കൃഷി ചെയ്‌തിരുന്ന ബസുമതി ഇടുക്കിയുടെ മണ്ണിലും വിളയുമെന്ന് കര്‍ഷകര്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.
കർഷകന്‍ അറക്കൽ സിജു ജേക്കബിന്‍റെ നേതൃത്വത്തിലാണ് ബസുമതി കൃഷി ചെയ്‌തുവരുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ അതിഥി തൊഴിലാളികൾ നൽകിയ വിത്തിൽ നിന്നുമാണ് ആദ്യ തുടക്കം. 2020ൽ ആരംഭിച്ച കൃഷി മുട്ടുകാട്ടിലെ കൂടുതൽ കർഷകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.
രോഗ, കീടബാധയും തൊഴിലാളി ക്ഷാമവും നെൽകൃഷിയെ ജില്ലയിൽ നിന്നും പടിയിറക്കുമ്പോൾ ലാഭ നഷ്‌ടങ്ങളുടെ കണക്കുകൾ നോക്കാതെ മുട്ടുകാട് പാടശേഖരത്തിൽ കതിരുകൾ വിളയും. ഉമ, ജ്യോതി തുടങ്ങിയ വിത്തിനങ്ങൾക്ക് ഒപ്പം ബസുമതിപോലുള്ള വിത്യസ്‌ത ഇനവും പരീക്ഷിച്ച് നൂറ് മേനി കൊയ്യുകയാണ് ഇവിടുത്തെ കർഷകർ.