ഇടുക്കി: അത്യാവശ്യ ഘട്ടത്തില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കാൻ പോലും കഴിയാത്ത സ്ഥിതി. ഒരു മഴപെയ്‌താല്‍ പിന്നെ പറയേണ്ടതില്ല. ഇത് 300ല്‍ അധികം കുടുംബങ്ങളുടെ ജീവന്‍റെയും ജീവിതത്തിന്‍റെയും കഥയാണ്. ഇടുക്കി ജലാശയത്തിനോട് ചേർന്ന കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കിഴക്കേ മാട്ടുക്കട്ട പ്രദേശത്തെ മനുഷ്യർ പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്നത് ഒരു പാലം മാത്രമാണ്. ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ ആശ്രയം ചങ്ങാടം മാത്രമാണ്. കാലാകാലങ്ങളില്‍ അധികാരികൾ വാഗ്‌ദാനങ്ങൾ നല്‍കി മടങ്ങുന്നതല്ലാതെ പാലം എന്ന ആവശ്യം മാത്രം അംഗീകരിച്ചിട്ടില്ല.
ഒരു ചങ്ങാടത്തിൽ നാല് പേർക്കേ യാത്ര ചെയ്യാൻ കഴിയു. എന്നാൽ പുറത്ത് നിന്ന് വരുന്നവർ ഇതറിയാതെ കൂടുതൽ ആളുകൾ കയറി അപകടത്തിൽപെടാറുണ്ട്. ജീവൻ പണയപ്പെടുത്തിയുള്ള ഇവരുടെ സഞ്ചാരത്തിന് പാലം മാത്രമാണ് പരിഹാരം. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും പാലം എന്ന കിഴക്കെ മാട്ടുക്കട്ട എന്ന ഗ്രാമത്തിന്‍റെ ആവശ്യം അംഗീകരിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.