ഇടുക്കി: വാഴക്കൃഷിയില്‍ നൂറ് മേനി കൊയ്‌തെടുത്തിരിക്കുകയാണ് കമ്പം മേട്ടിലെ സെയിൽ ടാക്‌സ് ഓഫീസ് ജീവനക്കാര്‍. കാട് മൂടിക്കിടന്ന ഓഫീസ് പരിസരത്ത് ജീവനക്കാർ ഞാലിപ്പൂവൻ കൃഷിയിറക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഉദ്യോഗസ്ഥരുടെ അനുമതിയോടെ 40 സെന്‍റ് തരിശുനിലത്ത് ഓഫീസിലെ ഡ്രൈവർമാരായ ജിജോ മാത്യു, വി ജെ ജലിൽ, എം പി മനോജ് എന്നിവർ ചേർന്നാണ് കൃഷി ആരംഭിച്ചത്. തമിഴ്‌നാട്ടിൽ നിന്നും ഞാലിപ്പൂവൻ വാഴവിത്തും വളമായി ചാണകപ്പൊടിയും എത്തിച്ചാണ് കൃഷിയിറക്കിയത്. കന്നി കൃഷിയില്‍ തന്നെ നൂറുമേനി കൊയ്‌തെടുക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ജീവനക്കാര്‍.
ഞാലിപ്പൂവനില്‍ കണ്ണുവെച്ച് വാനരന്മാര്‍ എത്തുന്നത് കൃഷിയെ ബാധിച്ചിരുന്നു. തമിഴ്‌നാട് അതിർത്തി വനമേഖലയിൽ നിന്നുമാണ് വാനര സംഘം കൂട്ടത്തോടെയെത്തിയത്. ഇതിന് പരിഹാരവും ജീവനക്കാര്‍ തന്നെ കണ്ടെത്തി. വാഴ കുലച്ച് വരുന്ന സമയം തന്നെ ജീവനക്കാര്‍ ചാക്കിനുള്ളിൽ കെട്ടിവെയ്ക്കും. പുതിയ തന്ത്രം പ്രയോഗിച്ചതോടെ കുരങ്ങന്മാരുടെ ശല്യം ഒഴിവായിരിക്കുകയാണ്. വിളവെടുത്ത ശേഷം ലഭിക്കുന്ന തുകയുടെ ലാഭം നിർധനരായവർക്കു നൽകാനാണ് ജീവനക്കാരുടെ പദ്ധതി. അടുത്ത ഘട്ടം കൃഷി അൽപം കൂടി വിപുലീകരിക്കാനും ഇവർ ലക്ഷ്യമിടുന്നുണ്ട്. മീൻ വളർത്തൽ കുളം തയ്യാറാക്കാനും വാഴവിത്തുകളുടെ വിൽപനക്കും ജീവനക്കാര്‍ക്ക് പദ്ധതിയുണ്ട്. അടുത്ത കൃഷിക്ക് ആവശ്യമായ വാഴക്കന്നുകളും ഇവിടെ തന്നെ ഉൽപാദിപ്പിച്ചിട്ടുണ്ട്.