ഇടുക്കി: ഓട്ടോ ഡ്രൈവറെ വാഹനത്തോടൊപ്പം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല ആര്യ ഭവനിൽ രാജേന്ദ്രനെയാണ് (55) ശാന്തൻപാറ ടൗണിൽ വെന്തു മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വെളുപ്പിന് ഒരു മണിയോടെയായിരുന്നു സംഭവം. മാവടിയിൽ നിന്നും രാജകുമാരിയിലേക്ക് പോയ വാഹനത്തിന്‍റെ ഡ്രൈവറാണ് ശാന്തമ്പാറ ടൗണിന് സമീപം ഓട്ടോ കത്തുന്നത് ആദ്യം കണ്ടത്. ഇയാൾ ഉടൻതന്നെ ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോൾ രാജേന്ദ്രനെ ഓട്ടോയുടെ സീറ്റിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. വാഹനത്തിന്‍റെ തീ അണച്ചശേഷം രാജേന്ദ്രനെ പുറത്തെടുത്ത് ഉടൻതന്നെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മൃതദേഹം കട്ടപ്പന ഇരുപത് ഏക്കറിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഉടുമ്പൻചോല ടൗണിലെ ഓട്ടോഡ്രൈവറായ രാജേന്ദ്രൻ ഏതാനും ആഴ്ചകളായി മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. തന്‍റെ മരണം അടുത്തു എന്ന് പല സുഹൃത്തുക്കളോടും രാജേന്ദ്രൻ പറഞ്ഞതായും പൊലീസ് അറിയിച്ചു.