ഇടുക്കി: മുന്‍ പഞ്ചായത്തംഗത്തെയും കുടുംബത്തെയും പട്ടാപ്പകല്‍ നടുറോഡില്‍ തടഞ്ഞ് വച്ച് ആക്രമിച്ചതായി പരാതി. വെള്ളത്തൂവല്‍ മുന്‍ പഞ്ചായത്തംഗം പോത്തുപാറ സ്വദേശി ജോണ്‍ കുഴിഞ്ഞാലിക്കാണ് മര്‍ദനമേറ്റത്. ജോണും കുടുംബവും രാവിലെ പള്ളിയിലേക്ക് പോകും വഴി മൂന്നംഗ സംഘം വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ആക്രമണം നടന്നത്.
ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമൊത്ത് പള്ളിയിലേക്ക് പോകുന്നതിനിടയില്‍ ജീപ്പിലെത്തിയ അക്രമി സംഘം തങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തുകയും തന്നെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചെന്നും ജോണ്‍ പറഞ്ഞു. അക്രമികള്‍ ശക്തമായി മുഖത്തിടിച്ചുവെന്നും തടയാന്‍ എത്തിയ മകനെയും ആക്രമിച്ചെന്നും ജോണ്‍ പറയുന്നു. മൂക്കിന് സാരമായി പരിക്കേറ്റ ജോണും മകനും അടിമാലി താലൂക്കാശുപത്രിയില്‍ ചികത്സയിലാണ്. ആക്രമണം നടത്തിയ ആളുകള്‍ക്കെതിരായ കേസില്‍ ജോണ്‍ കോടതിയില്‍ സാക്ഷിയായി ഹാജരായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് ജോണ്‍ പറയുന്നത്.