ഇടുക്കി : സിവിൽ സർവീസ് പരീക്ഷയിൽ 41-ാം റാങ്ക് നേടി മുരിക്കാശ്ശേരി സ്വദേശിനി അശ്വതി ജിജി അഭിമാന നിറവില്‍. രണ്ട് തവണ പരാജയപ്പെട്ടെങ്കിലും കഠിനമായ പരിശ്രമത്തിലൂടെയാണ് മൂന്നാം തവണ അശ്വതി തന്‍റെ സ്വപ്‌നം സാക്ഷാത്കരിച്ചത്.
വ്യോമസേനയിൽ ഉദ്യേഗസ്ഥനായിരുന്ന പിതാവ് ജിജി കൂടുതൽ കാലവും വടക്കേ ഇന്ത്യയിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ അശ്വതിയുടെ ബാല്യകാലവും വടക്കേ ഇന്ത്യയിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം രാജസ്ഥാൻ കേന്ദ്രീയ വിദ്യാലയത്തിലും, ചെന്നൈ കേന്ദ്രീയ വിദ്യാലയത്തിലുമായി പൂർത്തിയാക്കിയ അശ്വതിയുടെ ഹൈസ്കൂൾ വിദ്യാഭ്യാസം കോതമംഗലം ഊന്നുകല്ല് സ്‌കൂളിലായിരുന്നു.
തുടർന്ന് കാൺപൂരിൽ നിന്നും ഹയർസെക്കന്‍ററി പഠനം പൂർത്തീകരിച്ച ശേഷം മൂന്നാർ എഞ്ചിനീയറിങ് കോളജിൽ നിന്ന് ബി.ടെക് ബിരുദം നേടി. പിന്നീട് വിദേശത്ത് പോകുവാനുള്ള തയ്യാറെടുപ്പിനിടെയാണ് ബന്ധുവായ എറണാകുളം സ്വദേശിയുടെ നിർദേശപ്രകാരം അശ്വതി സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്ക് തിരിഞ്ഞത്.
ALSO READ : 'ഒടുവിൽ ശ്രമം ഫലം കണ്ടു, ഇനി നാടിനെ സേവിക്കണം' ; സിവിൽ സർവീസ് തിളക്കത്തിൽ രേഷ്‌മ
ഇടുക്കിയുടെ ഉൾനാടൻ ഗ്രാമങ്ങളിലൊന്നായ മുരിക്കാശേരിയിൽ നിന്നും സിവിൽ സർവീസില്‍ വിജയം നേടുന്ന ആദ്യ വ്യക്തിയാണ് അശ്വതി ജിജി. പുതു തലമുറയിലെ വിദ്യാർഥികൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ് ഈ മിടുക്കി.