ഇടുക്കി: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയെ പരിചയമില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്‌ണകുമാർ. മരിച്ച റോയ് തന്നെ സമീപിച്ചതായി ഓർമയില്ല. തകിടുകൾ ആവശ്യക്കാർക്ക് പൂജിച്ചു നൽകാറുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്രൈംബ്രാഞ്ചിൽ നിന്ന് വിളിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുവാൻ താൻ തയ്യാറാണെന്നും ഒളിവിലായിരുന്നുവെന്ന മാധ്യമ വാർത്തകൾ തെറ്റാണെന്നും കൃഷ്‌ണകുമാർ വ്യക്തമാക്കി.
വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമായതിനാൽ റോയ് വന്നിരുന്നോയെന്ന് അറിയില്ല. ഇവിടെയെത്തുന്നവരുടെ പേരുവിവരങ്ങൾ രണ്ട് വർഷത്തിൽ കൂടുതൽ സൂക്ഷിക്കാറില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. തന്നെ സമീപിക്കുന്നവർക്ക് ഏലസും ഭസ്മവും നൽകാറുണ്ട്. അതൊരിക്കലും വെള്ളത്തിൽ ചേർത്ത് കുടിക്കണമെന്ന് പറയാറില്ല.
താൻ ഒളിവിലാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് തെറ്റാണ്. ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തായിരുന്നുവെന്നും ജ്യോത്സ്യൻ പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. അന്വേഷണത്തോട് സഹകരിക്കുവാൻ തയ്യാറാണെന്നും കൃഷ്‌ണകുമാർ പറഞ്ഞു.