ഇടുക്കി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മർദനമേറ്റതായി പരാതി. ഇടുക്കി കുമളിക്ക് സമീപം ആനക്കുഴിയിലാണ് സംഭവം. പെണ്‍കുട്ടിയും സ്ത്രീയും ഉള്‍പ്പെടെ ആറ് പേര്‍ക്ക് മര്‍ദനമേറ്റതായാണ് പരാതി. അസം സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് സംഭവം. ജോലി സ്ഥലത്ത് നിന്ന് താമസസ്ഥത്തേക്ക് തിരിച്ച് വരികയായിരുന്ന തൊഴിലാളികള്‍, ഒരു സംഘം ആളുകൾ റോഡിലിരുന്ന് മദ്യപിക്കുന്നത് കണ്ടു. തുടര്‍ന്ന് വാഹനം കടന്ന് പോകുന്ന പാതയില്‍ നിന്ന് മാറുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. പിന്നീട് പതിനഞ്ചിലധികം ആളുകളുമായി സംഘം വീട്ടിൽ കയറി ഇവരെ മർദിച്ചുവെന്നാണ് പരാതി. മര്‍ദിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് ഇവര്‍ ആരോപിച്ചു.
എച്ച്എംഎൽ ആനക്കുഴി ഡിവിഷനിലെ തൊഴിലാളികളായ അലിമുദീൻ, അഫ്സർ അലി, ഫർക്കൻ, ഐനുൾഫക്ക്, ഫരിദുൾ എന്നിവർക്കും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിൽ രണ്ട് പേർ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കുമളി പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയത്.