ഇടുക്കി: വീട്ടുമുറ്റത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനം സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി. രാജകുമാരി കുരുവിളസിറ്റി വിളയക്കാട്ട് ബേസിൽ ജോണിന്‍റെ മഹീന്ദ്ര മേജർ വാഹനമാണ് ഞായറാഴ്‌ച(ജൂലൈ 3) വെളുപ്പിന് ഒന്നരയോട് കൂടി സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. തീ പടർന്ന് വാഹനത്തിന്‍റെ ചില്ല് തകരുന്ന ശബ്‍ദം കേട്ടപ്പോഴാണ് വീട്ടിലുള്ളവർ വാഹനത്തിന് തീ പിടിച്ചതായി അറിഞ്ഞത്.
വൈദ്യുതി കണക്ഷന്‍റെ കേബിൾ കത്തി നശിച്ചതിൽ സമീപത്തെ കിണറിൽ നിന്നും വെള്ളം കോരി ഒഴിച്ചാണ് തീ അണച്ചത്. ഇന്ധന ടാങ്കിലേക്ക് തീ പടരുന്നതിന് മുൻപേ അണക്കുവാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. 28 ദിവസങ്ങൾക്ക് മുൻപ് മുഴുവൻ ജോലികളും തീർത്ത വാഹനമാണ് കത്തി നശിച്ചത്.
പെട്രോൾ ഒഴിച്ച ശേഷം വാഹനത്തിലേക്ക് പന്തം കത്തിച്ച് എറിയുകയായിരുന്നു. വാഹനത്തിന്‍റെ അകം പൂർണമായും കത്തി നശിച്ചു. വാഹനത്തിൽ നിന്നും ഇതിനായി ഉപയോഗിച്ച പന്തം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വീട്ടുമുറ്റത്തും പരിസരത്തും മുളക് പൊടി വിതറിയ ശേഷമാണ് അക്രമികൾ കടന്നു കളഞ്ഞത്. ഡോഗ് സ്‌ക്വാഡ് തെളിവുകൾ ശേഖരിക്കാതെ ഇരിക്കുവാനാണ് ഇങ്ങനെ ചെയ്‌തത് എന്ന് പൊലീസ് പറയുന്നു. ശാന്തൻപാറ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്‌ധർ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തും. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.