ഇടുക്കി : പ്രതിസന്ധികളെ തരണം ചെയ്ത് സഹജീവി സ്നേഹത്തിന്‍റെ കാര്യത്തില്‍ ഉത്തമ മാതൃക കാട്ടിയ ആര്യ തന്‍റെ പ്രിയപ്പെട്ട വളർത്തുനായയോടൊപ്പം വീട്ടിലെത്തി. ശനിയാഴ്ച വെളുപ്പിനാണ് ഇരുവരും മൂന്നാർ ദേവികുളത്തെ വീട്ടിൽ എത്തിയത്. മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന നീലക്കണ്ണുകൾ ഉള്ള സൈറയെ കാണാന്‍ നിരവധി പേരാണ് ആര്യയുടെ വീട്ടിലേക്ക് എത്തുന്നത്.
യുദ്ധമുഖത്തെ തണുപ്പിൽ നിന്നും തെക്കിന്റെ കശ്‌മീരായ മൂന്നാറിന്റെ കുളിരിലേക്ക് എത്തിയ ആര്യക്കും സൈറക്കും പ്രതിസന്ധികളെ തരണം ചെയ്‌ത് അതിജീവിച്ചതിന്‍റെ കഥകളാണ് പറയാനുള്ളത്. ഫെബ്രുവരി 27നാണ് ആര്യ തന്‍റെ പ്രിയപ്പെട്ട സൈറയെയും ചേർത്തുപിടിച്ച് യുദ്ധഭൂമിയിൽ നിന്നും റൊമേനിയയിലേക്ക് പുറപ്പെട്ടത്.
Also Read: മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടല്‍ ഫലം കണ്ടു; സൈറയുമായി ആര്യ ഇന്ന് നാടണയും
12 കിലോമീറ്റർ ദൂരം നടന്ന് അവശനിലയിലായ സൈറയെയും ചുമന്നുകൊണ്ടാണ് ആര്യ അതിർത്തി കടന്നത്. വ്യാഴാഴ്ച പ്രത്യേക വിമാനത്തിൽ ഇരുവരും തലസ്ഥാനത്ത് എത്തി. സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക വിമാനമായ എയർ ഏഷ്യയിൽ വളർത്തുമൃഗങ്ങളെ കയറ്റാനുള്ള അനുമതിയില്ലാത്തതിനാൽ കേരളത്തിലേക്കുള്ള യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നു. കേരള ഹൗസിൽ തങ്ങിയ ഇരുവരും വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. സർക്കാർ ചെലവിലാണ് സൈബീരിയൻ ഹസ്‌കി ഇനത്തില്‍പ്പെട്ട സൈറയെ ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിച്ചത്.
കൊച്ചിയിൽ നിന്നും മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെ ദേവികുളത്തെ വീട്ടിൽ എത്തി. എറെ ബുദ്ധിമുട്ടിയെങ്കിലും തന്റെ വളർത്തുനായയെ നാട്ടിൽ എത്തിക്കാനായതിന്‍റെ സന്തോഷത്തിലാണ് ആര്യ. യുദ്ധമവസാനിച്ച് മടങ്ങേണ്ടി വന്നാൽ സൈറയെ വീട്ടിൽ അമ്മയെ ഏൽപിച്ച് മടങ്ങും.
സൈറയ്ക്ക് നാടൻ ഭക്ഷണവും വെള്ളവുമാണ് നൽകി വന്നിരുന്നത്. യുക്രൈനിലെ വിനീത് സിയ എന്ന സ്ഥലത്തെ നാഷനൽ പിർ ഗോവ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്, ദേവികുളം ലാക്കാട് സ്വദേശി ആൾട്രിൻ, കൊച്ചുറാണി ദമ്പതികളുടെ മകളായ ആര്യ.