ഇടുക്കി: വിദേശ രാജ്യങ്ങളില്‍ മാത്രമല്ല നമ്മുടെ കുമളിയിലുമുണ്ട് വാക്‌സ് മ്യൂസിയം. സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരുടെ മെഴുക് പ്രതിമകളാണ് കുമളിയിലെ വാക്‌സ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തിരുവല്ല കുമ്പനാട് സ്വദേശിയായ ഹരികുമാറിന്‍റെ കരവിരുതിലാണ് ഈ ശില്‍പങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജീവന്‍ തുടിയ്ക്കുന്ന ശില്‍പ പ്രദര്‍ശനം മാത്രമല്ല, ഒരു കലാകാരന്‍റെ അര്‍പ്പണ ബോധത്തിന്‍റെ കഥകള്‍ കൂടിയാണ് കുമളി റോസ് ഗാര്‍ഡനിലെ വാക്‌സ് മ്യൂസിയം പറയുന്നത്. ഹരികുമാര്‍ തന്‍റെ ജീവിതത്തിലെ പത്ത് വര്‍ഷങ്ങള്‍ ചെലവഴിച്ചാണ് ജീവസുറ്റ മെഴുകു പ്രതിമകള്‍ ഒരുക്കിയത്.
വര്‍ഷങ്ങളുടെ പരിശ്രമം കൊണ്ട് പ്രതിമ നിര്‍മാണത്തിനുള്ള കഴിവുകള്‍ സ്വയം സ്വായത്തമാക്കി. 2014ല്‍ ഷാരൂഖാന്‍റെ പൂര്‍ണകായ പ്രതിമ നിര്‍മിച്ചു. ഒരു പ്രതിമയുടെ നിര്‍മ്മാണത്തിന് 30 മുതല്‍ 35 കിലോ വരെ മെഴുകാണ് ആവശ്യമായി വരിക. ഏകദേശം രണ്ടര മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. ഒന്നര ലക്ഷത്തോളം രൂപയാണ് ഏകദേശ നിര്‍മാണ ചെലവ്. യഥാര്‍ഥ വ്യക്തിയുടെ രൂപ സാദൃശ്യങ്ങളോടും വസ്ത്ര ധാരണ രീതികളോടും പൂര്‍ണമായും നീതി പുലര്‍ത്തിയാണ് നിര്‍മാണം. ഇതുവരെ 20 മെഴുക് പ്രതിമകളാണ് ഹരികുമാര്‍ നിര്‍മിച്ചിട്ടുള്ളത്. ഇവയില്‍ 14 എണ്ണം കുമളിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയ താരങ്ങളുടെ തനി പകര്‍പ്പായ പ്രതിമകള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ കിട്ടുന്ന അവസരം കുമളിയില്‍ എത്തുന്ന സഞ്ചാരികളും പ്രയോജനപ്പെടുത്തുന്നു.