ഇടുക്കി : അരിക്കൊമ്പനെ (arikomban) തിരികെ കൊണ്ടുവരണം എന്നാവശ്യപ്പെട്ടുള്ള സമരത്തിൽ പങ്കാളികളായതിനെ തുടർന്ന് ഊര് വിലക്കിയതായി (excommunicated) പരാതി. അരിക്കൊമ്പനെ തിരികെ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ കൂട്ടായ്‌മ (animal lovers) ഓഗസ്റ്റ് 15ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ സമരം സംഘടിപ്പിച്ചിരുന്നു. ഈ സമരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ ചിന്നക്കനാൽ (Chinnakanal) ചെമ്പകത്തൊഴുക്കുടി, പച്ചപ്പുൽക്കുടി എന്നിവിടങ്ങളിലുള്ള 4 പേരെ ഊര് വിലക്കിയതായാണ് പരാതി.
അരിക്കൊമ്പൻ വിവാദങ്ങൾ: ചെമ്പകത്തൊഴുക്കുടി സ്വദേശികളായ പാൽരാജ്, മകൻ ആനന്ദരാജ്, മോഹനൻ, പച്ചക്കുടി സ്വദേശി മുത്തുകുമാർ എന്നിവരെയാണ് ഇവരുടെ ഊരുകളിൽ നിന്ന് വിലക്കിയത്. ഇവരുമായി കുടിയിലുള്ളവർ സഹകരിക്കുകയോ, സംസാരിക്കുകയോ ചെയ്യരുതെന്നാണ് കുടിയിലെ അധികാരികളുടെ നിർദേശം. നേരത്തെ അരിക്കൊമ്പനെ തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ട് ചെമ്പകത്തൊഴുക്കുടിയിലെ മുഴുവൻ ആളുകളും ചേർന്ന് കഴിഞ്ഞ ജൂൺ 5നും 6നും ബോഡിമെട്ടിൽ നിന്ന് സൂര്യനെല്ലിയിലേക്കുള്ള റോഡ് ഉപരോധിച്ചിരുന്നു.

ഈ സംഭവത്തിന് ശേഷം അരിക്കൊമ്പനെ തിരികെ കൊണ്ടുവരാൻ ഭീമഹർജി നൽകാനെന്ന പേരിൽ ചിലർ കൂടിയിലെ ആളുകളുടെ ഒപ്പ് ശേഖരിച്ചു. എന്നാൽ, അരിക്കൊമ്പനെ തിരികെ കൊണ്ടു വരുന്നതോടൊപ്പം ചിന്നക്കനാൽ മേഖലയിലെ വന ഭൂമിയിൽ നിന്ന് ആളുകളെ കുടിയിറക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഈ ഹർജിയിൽ എഴുതി ചേർത്തുവെന്നാണ് കുടിയിലുള്ളവർ പറയുന്നത്. തങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുടിയിറക്കാനുള്ള നീക്കം നടത്തിയ മൃഗസ്നേഹികളുടെ സംഘടനകളുമായി ഒരു തരത്തിലും സഹകരിക്കേണ്ടെന്നും അരിക്കൊമ്പൻ വിഷയത്തിൽ ഇടപെടേണ്ടെന്നും കുടിയിലുള്ളവർ തീരുമാനിച്ചു.
എന്നാൽ ഈ തീരുമാനം അവഗണിച്ച് 4 പേർ തിരുവനന്തപുരത്ത് മൃഗസ്നേഹികളുടെ സമരത്തിൽ പങ്കെടുത്തത് കുടിയിലുള്ളവരുടെ എതിർപ്പിന് കാരണമായി. അതിനിടെ ചില രാഷ്ട്രീയ പാർട്ടികളും സമരത്തിൽ പങ്കെടുത്തവരുമായി സഹകരിക്കരുതെന്ന് കുടിയിലുള്ളവരോട് പറഞ്ഞു എന്നാണ് ഊരുവിലക്കപ്പെട്ടവർ പറയുന്നത്. കുടിയിലുള്ളവരോട് ക്ഷമ പറയാൻ തയ്യാറായെങ്കിലും എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുകയാണ്. കുടിയുടെ പുറത്തിറങ്ങിയാൽ ആക്രമിക്കപ്പെടുമെന്ന ഭീതിയുണ്ടെന്നും ഇവർ പറയുന്നു.
ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് നിരോധിച്ചതും കൊളുക്കുമല ട്രക്കിങ് നിർത്തി വയ്ക്കണമെന്ന് വിദഗ്‌ധ സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതുമെല്ലാം മൃഗസ്നേഹികളുടെ ഇടപെടൽ മൂലമാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. ഇതാണ് അരിക്കൊമ്പന് വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്തവരെ ഊരുവിലക്കാനുള്ള കാരണങ്ങളായി പറയുന്നത്.
ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതിയുടെ നടപടികളിൽ പ്രതിഷേധം (Protest against Arikomban expert committee) : വിദഗ്‌ധ സമിതിയുടെ ശുപാർശ പ്രകാരം ആനയിറങ്കലിലെ ബോട്ടിങ് നിരോധിച്ചതിന് പിന്നാലെയാണ് കൊളുക്കുമല ട്രക്കിങ് നിർത്തി വയ്ക്കണമെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന് പിന്നിൽ വനം വകുപ്പിന്‍റെ ഗൂഢനീക്കമാണെന്നായിരുന്നു ഉയർന്നുവന്ന ആരോപണം. നിർമാണ നിരോധനം ഉൾപ്പെടെ ജില്ലയിലെ ജനവാസ മേഖലയ്‌ക്ക് കൂച്ചു വിലങ്ങിടുന്ന ഉത്തരവുകളായിരുന്നു സമിതി ഇറക്കിയത്.
സൂര്യനെല്ലിയിൽ നിന്നും കൊളുക്കുമലയിലേയ്‌ക്കുള്ള ജീപ്പ് സവാരി പരിസ്ഥിതി സന്തുലനാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വിദഗ്‌ധ സമിതിയുടെ കണ്ടെത്തൽ. ട്രക്കിങ് നിരോധിക്കാനുള്ള സമിതിയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഇടുക്കിയിൽ ഉയരുകയും ചെയ്‌തു. 140 ലധികം ജീപ്പുകളാണ് കൊളുക്കുമലയിലേക്ക് ട്രക്കിങ് നടത്തുന്നത്.