ഇടുക്കി: ദേവികുളം റേഞ്ചിലെ അരിക്കൊമ്പനെന്ന കാട്ടാനയെ മറ്റൊരു താവളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്നാർ സിസിഎഫ്, ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് സമർപ്പിച്ചു. അനുമതി കിട്ടിയാൽ ആനയെ മാറ്റാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. അക്രമകാരികളായ ചക്ക കൊമ്പനും, മുട്ട വാലനും റേഡിയോ കോളർ ഘടിപ്പിക്കാനും തീരുമാനമായി.
ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനുള്ള തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് ഉന്നതല യോഗം ചേർന്നത്. ഹൈറേഞ്ച് സർക്കിൾ സിസിഎഫ് അരുൺ ആർ എസ്, പ്രത്യേക ദൗത്യസംഘം തലവൻ ഡോ. അരുൺ സക്കറിയ, മറ്റ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. ആർആർടി സംഘം ശേഖരിച്ച ആനകളെ കുറിച്ചുള്ള വിവരങ്ങള്‍ ചർച്ച ചെയ്‌ത ശേഷമാണ് അരിക്കൊമ്പനെ മാറ്റണമെന്ന നിർദേശം ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിച്ചത്.
ആനയെ മാറ്റാൻ തീരുമാനമായാൽ വയനാട്ടിൽ നിന്നുള്ള 20 അംഗ ആർആർടി സംഘവും മൂന്ന് കുങ്കിയാനകളും ഉടൻ എത്തും. അടുത്തയാഴ്‌ച തന്നെ നടപടികൾ തുടങ്ങാനാണ് വനംവകുപ്പിന്‍റെ തീരുമാനം. കാട്ടാന ശല്യം പൂർണമായി പരിഹരിക്കുന്നതിന്‍റെ ഭാഗമായി 301 കോളനിയിലെ ആളുകളെ പുനരധിവസിപ്പിക്കുന്നതിനും ശുപാർശയുണ്ട്.