ഇടുക്കി: സാമൂഹ്യ വിരുദ്ധ ശല്യം കാരണം സേനാപതി ഗ്രാമപഞ്ചായത്തിലെ പ്ലെയിൻ പാറയിലേക്കുള്ള സഞ്ചാരികളുടെ വരവ് നിലച്ചു. ഇടുക്കി ഹൈറേഞ്ചിലെ പ്രകൃതി മനോഹാരിത നിറഞ്ഞുനിൽക്കുന്ന വ്യൂ പോയിൻ്റുകളിൽ ഒന്നായിരുന്നു പ്ലെയിൻ പാറ. വിമാനത്തിന്‍റെ ആകൃതിയിലുള്ള പാറയുടെ മുകളിൽ നിന്നാൽ മഞ്ഞ് മൂടുന്ന മലനിരകളുടെ വിദൂര ദൃശ്യം കാണാമെന്നതാണ് പ്രത്യേകത. മുമ്പ് നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിയിരുന്നത്. എന്നാല്‍ ലോക്ക്ഡൗണിനെ തുടർന്ന് വിനോദസഞ്ചാര മേഖല നിശ്ചലമായതോടെ ഈ പ്രദേശം സാമൂഹികവിരുദ്ധർ കൈയ്യടക്കി.
ഇതോടെ മദ്യക്കുപ്പികളും, മാലിന്യവും നിറഞ്ഞ് പ്രദേശം മലിനമായി. നിലവില്‍ പകൽ സമയങ്ങളിൽ പോലും മദ്യപസംഘങ്ങളുടെ താവളമായി മാറിയ ഇവിടേക്ക് ആരും കയറി വരാത്ത അവസ്ഥയാണ്. വെള്ളിത്തിരയിലടക്കം ഇടംനേടിയ പ്ലെയിൻ പാറയിലെ ടൂറിസം സാധ്യതകൾ സാമൂഹ്യവിരുദ്ധ ശല്യത്താൽ ഇല്ലാതായിരിക്കുകയാണ്. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് സാമൂഹികവിരുദ്ധ ശല്യം അവസാനിപ്പിക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം. മേഖലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി വികസനം സാധ്യമാക്കണമെന്നും പ്രദേശ വാസികള്‍ ആവശ്യപ്പെടുന്നു.