ഇടുക്കി: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മുക്കുടം ഗവൺമെന്‍റ് ഹൈസ്‌കൂളിൽ സാമൂഹ്യവിരുദ്ധ ശല്യം . ചുറ്റുമതിൽ ഇല്ലാത്തതിനാലാണ് സ്‌കൂൾ പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നതെന്നാണ് സ്‌കൂൾ അധികൃതരും പിടിഎ ഭാരവാഹികളും പറയുന്നത്.
സാമൂഹ്യവിരുദ്ധർ വാഹനങ്ങളുമായി എത്തി മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്‌തുക്കൾ ഉപയോഗിക്കുന്നത് നിത്യ സംഭവമായി മാറിയെന്നാണ് പിടിഎ ഭാരവാഹികൾ പറയുന്നത്. മദ്യപിക്കാനെത്തുന്നവർ മദ്യപിച്ച ശേഷം കുപ്പികൾ സ്‌കൂൾ മുറ്റത്ത് പൊട്ടിച്ചിടുന്നതും പതിവായി മാറിയിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പിടിഎ യുടെ നേതൃത്വത്തിൽ വെള്ളത്തൂവൽ പൊലീസിൽ ഉൾപ്പെടെ വേണ്ടപ്പെട്ട അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് രാത്രികാല പട്രോളിങ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ പട്രോളിങ് നിർത്തിയതോടെ സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിക്കുകയും ചെയ്തു.
വര്‍ഷങ്ങളുടെ പഴക്കമുണ്ട് സ്‌കൂളിന് ചുറ്റുമതിൽ നിർമിക്കണമെന്ന ആവശ്യത്തിന്. എന്നാൽ നാളിതുവരെയായി അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അടിയന്തരമായി സ്‌കൂളിന് ചുറ്റുമതിൽ നിർമിച്ചു നൽകണമെന്ന ആവശ്യമാണ് പിടിഎക്കും സ്‌കൂൾ അധികൃതർക്കുമുള്ളത്.