കോട്ടയം : ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മാസത്തിലേറെയായി ചികിത്സയിലായിരുന്ന പതിനേഴുകാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.45നാണ് അന്ത്യം സംഭവിച്ചത്. ജൂൺ ഒന്നിന് അമ്മയ്ക്കൊപ്പം ഇരട്ടയാർ സെന്‍റ് തോമസ് പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുമ്പോഴാണ് ആൻ മരിയയ്ക്ക് ഹൃദയാഘാതം ഉണ്ടായത്.
തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചി അമൃത ഹോസ്‌പിറ്റലിലേക്ക് മാറ്റി. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആൻ മരിയയെ ആംബുലൻസിൽ അതിവേഗത്തിൽ അമൃത ഹോസ്‌പിറ്റലിൽ എത്തിച്ചത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ജൂലൈയിൽ ആൻ മരിയയെ കൊച്ചിയിൽ നിന്നും കോട്ടയം കാരിത്താസിലേക്ക് മാറ്റി.
ആരോഗ്യസ്ഥി മെച്ചപ്പെട്ടതോടെ ആൻ മരിയ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ന്യുമോണിയ ബാധ കൂടി ഉണ്ടായതോടെയാണ് ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയി- ഷൈനി ദമ്പതികളുടെ മകളാണ് ആൻ മരിയ. സംസ്‌കാരം നാളെ (ജൂൺ 6) രണ്ട് മണിക്ക് ഇരട്ടയാർ സെന്‍റ് തോമസ് പള്ളിയിൽ നടക്കും.
ഹൃദയാഘാതം ഉണ്ടായത് കുർബാനക്കിടെ : ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആൻ മരിയക്ക് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് ഇടുക്കി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്‌ധ ചികിത്സയ്ക്കായാണ് ആൻ മരിയയെ കൊച്ചിയിൽ എത്തിച്ചത്. അമൃത ആശുപത്രിയിലേക്ക് ആൻ മരിയയെ എത്തിക്കാൻ നാട് മുഴുവൻ ഒരേ മനസോടെ കൈ കോർത്തിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്‌ബുക്കിലൂടെ അഭ്യർഥന നടത്തിയതോടെയായിരുന്നു ജനങ്ങളും പൊലീസും കൈകോർത്ത് ആംബുലൻസിന് വഴിയൊരുക്കിയത്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിലാണ് പെൺകുട്ടിയെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്.
കട്ടപ്പനയിൽ നിന്ന് കൊച്ചിയിൽ എത്താൻ എടുത്തത് രണ്ടര മണിക്കൂർ : കേരളത്തിന്‍റെ ഹൈറേഞ്ച് മേഖലയായ ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നിന്ന് തീരപ്രദേശമായ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്താൻ വേണ്ടത് അഞ്ച് മണിക്കൂറിലധികം സമയമാണ്. എന്നാൽ 133 കിലോമീറ്റർ ദൂരം രണ്ട് മണിക്കൂർ മുപ്പത്തിയൊമ്പത് മിനിറ്റ് കൊണ്ടാണ് ആൻ മരിയയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴിയാണ് എറണാകുളം ജില്ലയിലെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ എത്തിയത്.
അതേസമയം കുട്ടിയെ എത്തിക്കുന്നതിന് മുമ്പ് തന്നെ അമൃത ആശുപത്രിയിൽ ചികിത്സക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. ആംബുലൻസ് ആശുപത്രിയിലെത്തിയതോടെ ഒരു നിമിഷം പോലും പാഴാക്കാതെ ആൻ മരിയയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തുടർന്ന് 72 മണിക്കൂർ വിദഗ്‌ധ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ആൻ മരിയ. പിന്നീട് ആൻ മരിയയുടെ ആരോഗ്യസ്ഥിയിൽ പുരോഗതി ഉണ്ടാവുകയും ചെയ്‌തിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആൻ മരിയയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
Also read : ആൻമരിയയ്ക്ക് വേണ്ടി നാട് കൈകോർത്തു: ആംബുലൻസ് കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലെത്തിയത് രണ്ടര മണിക്കൂറില്‍