ഇടുക്കി: വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാണ് മൂന്നാര്‍. പച്ചപ്പണിഞ്ഞ് കോടയില്‍ കുതിര്‍ന്ന് നില്‍ക്കുന്ന മൂന്നാറിലെ നിരവധി ഇടങ്ങളിലേക്ക് ആഘോഷ വേളകളില്‍ വിനോദ സഞ്ചാരികള്‍ എത്താറുണ്ട്. എന്നാല്‍ ഇത്തവണ നവരാത്രി അവധി ആഘോഷിക്കാന്‍ അഞ്ചുരുളിയിലേക്കാണ് വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തിയത്.
ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ജലാശയവും ടണല്‍ മുഖ കാഴ്‌ചകളും ആസ്വദിക്കാനെത്തുന്നത്. ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും തുരങ്കം കാണാനെത്തുന്നവര്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിവരങ്ങളുമാണ് കൂടുതല്‍ പേരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.
സിനിമകളിലൂടെയും റീല്‍സിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ് അഞ്ചുരുളി ടണല്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നും പോലും വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെങ്കിലും അതൊന്നും സഞ്ചാരികളെ ബാധിച്ചിട്ടില്ല. ജലാശയത്തിന്‍റെ ഭംഗിയാണ് കൂടുതല്‍ പേരെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്.
തിരക്ക് കണക്കിലെടുത്ത് ടണൽ ഭാഗത്ത് സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്കായി നിയമിച്ചിട്ടുണ്ട്. ഒഴുക്കുള്ളതിനാൽ ടണലിലേയ്ക്ക് പ്രവേശനമില്ല. വിനോദ സഞ്ചാരികൾക്ക് പുറമെ തദ്ദേശീയരും സമയം ചെലവഴിക്കാനായി കുടുംബത്തോടൊപ്പം അഞ്ചുരുളിയിൽ എത്തുന്നുണ്ട്.
വിനോദ സഞ്ചാരികളുടെ ഇഷ്‌ടയിടം: ഇടുക്കി കട്ടപ്പനയിലെ കാഞ്ചിയാര്‍ പഞ്ചായത്തിലാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന അഞ്ചുരുളി വിസ്‌മയം. കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിലെ കക്കാട്ടുകടയില്‍ നിന്ന് 3 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ അഞ്ചുരുളിയിലെത്താനാകും. ഉരുളി കമഴ്‌ത്തിയത് പോലെയുള്ള അഞ്ച് മലകളും അതിനിടയിലെ ജലാശയവുമാണ് ഇവിടെയുള്ളത്.
ഉരുളി കമഴ്‌ത്തിയത് പോലുള്ളത് കൊണ്ട് മേഖലയിലെ ആദിവാസികളാണ് അഞ്ചുരുളിയെന്ന് പേരിട്ടത്. ഇരട്ടയാറിലെ ഡൈവേര്‍ഷന്‍ ഡാമില്‍ നിന്നും ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത. ഇരട്ടയാര്‍ മുതല്‍ അഞ്ചുരുളി വരെ ഒറ്റപ്പാറയിലാണ് ഈ ടണല്‍ നിര്‍മിച്ചിരിക്കുന്നത്. ടണലിനുള്ളില്‍ അരക്കിലോമീറ്റര്‍ മാത്രാമാണ് വായുവും വെളിച്ചവും ലഭിക്കുക.
മഴക്കാലത്ത് ടണലിലൂടെ ശക്തമായി ഒലിച്ചെത്തുന്ന വെള്ളം അണക്കെട്ടിലേക്ക് പതിക്കുന്ന കാഴ്‌ചയാണ് അഞ്ചുരുളിയെ കൂടുതല്‍ മനോഹരിയാക്കുന്നത്. പ്രകൃതി ഭംഗി തുളുമ്പുന്ന ഇവിടം നിരവധി സിനിമകള്‍ക്ക് ലൊക്കേഷനുമായിട്ടുണ്ട്. മഹേഷിന്‍റെ പ്രതികാരം, ജയിംസ് ആന്‍ഡ് ആലീസ്, കട്ടപ്പനയിലെ ഋതിക് റോഷന്‍ തുടങ്ങി നിരവധി സിനിമകളില്‍ മുഖം കാട്ടിയതോടെ വെള്ളിത്തിരയിലും താരമാണിപ്പോള്‍ അഞ്ചുരുളി. മലയാള സിനിമകള്‍ക്ക് പുറമെ മറ്റ് ഭാഷ ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
also read: Munnar Flowers മൂന്നാറിന് ചന്തം ചാർത്തി ഗ്യാപ് റോഡില്‍ കമ്മല്‍ പൂ വസന്തം