ഇടുക്കി : കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ആനയിറങ്കൽ അണക്കെട്ട് കരകവിഞ്ഞൊഴുകി. കാലവർഷം പിന്നിട്ട് തുലാമഴയിലാണ് ഈ ഡാം സാധാരണ ജലസമൃദ്ധമാകാറ്. എന്നാൽ ഇക്കുറി ചിങ്ങമാസത്തിൽ നിറഞ്ഞൊഴുകി.
1207.02 മീറ്ററാണ് അണക്കെട്ടിന്‍റെ പൂർണ സംഭരണ ശേഷി. ചിന്നക്കനാൽ ശാന്തമ്പാറ പഞ്ചായത്തുകളിലായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്ന് ഇക്കുറി നേരത്തെ ഡാം നിറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിലാണ് ഡാം നിറഞ്ഞ് സ്‌പിൽവേകളിലൂടെ ഒഴുകിയിരുന്നത്. നിരവധി വിനോദ സഞ്ചാരികളാണ് ദിനംപ്രതി ഈ അണക്കെട്ട് സന്ദർശിക്കുന്നത്. ഏലം തേയില തോട്ടങ്ങളുടെ നടുവിലായാണ് ആനയിറങ്കൽ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
1963ലാണ് അണക്കെട്ടിന്‍റെ നിർമാണം ആരംഭിച്ചത്. 1967ജനുവരിയിൽ ഡാം കമ്മീഷൻ ചെയ്‌തു. ഏഷ്യയിലെ ആദ്യ എർത്ത് ഡാമാണിത്. മതികെട്ടാൻ ചോല ദേശീയോദ്യാനത്തിലേതടക്കം കാട്ടാനകളുടെ സ്ഥിരം താവളമാണ് ഇവിടം. കാലവർഷത്തിൽ മഴ കനത്ത് പെയ്യുമ്പോഴും പന്നിയാർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ആശങ്കകളില്ലാതെ കോട്ടപോലെ സംരക്ഷണം ഒരുക്കുന്ന അണക്കെട്ടാണ് ആനയിറങ്കൽ. സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിൽ നിന്നും വിത്യസ്‌തമായി വേനലിൽ മാത്രമാണ് ആനയിറങ്കൽ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കാറുള്ളത്.
പരമാവധി സംഭരണ ശേഷി പിന്നിട്ടാലാണ് മൂന്ന് സ്‌പിൽവേകളിലൂടെ ജലം പന്നിയാർ പുഴയിലേക്ക് ഒഴുകിത്തുടങ്ങുന്നത്. അണക്കെട്ടുകളിലേക്ക് ചേരുന്ന വലിയ തോടുകളോ പുഴകളോ ഇല്ലാത്തതുകൊണ്ട് കാലവർഷത്തിൽ സാധാരണ അണക്കെട്ട് നിറഞ്ഞുകവിയാറില്ല. മൂന്നാറിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് ആനയിറങ്കൽ.